അബുദാബി: അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നേഴ്സുമാരെ കാത്തിരുന്നത് വമ്പൻ സർപ്രൈസ് ആയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് യുഎഇ യിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച നേഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിംഗ് ഫോഴ്സ് അവാർഡ്സിലാണ് ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം ഓരോരുത്തരെയും കാത്തിരുന്നത്. വിജയികളിൽ നാല് മലയാളികളുൾപ്പടെ ആറ് ഇന്ത്യാക്കാർ. ബാക്കിയുള്ളവർ ഫിലിപ്പൈൻസ്, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ. എല്ലാ വർഷങ്ങളിലെയും പോലെയുള്ള ആഘോഷങ്ങളും സമ്മാനങ്ങളുമാണ് പങ്കെടുക്കാനെത്തിയവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാർ സമ്മാനമായി ലഭിക്കുന്നുവെന്നറിഞ്ഞപ്പോൾ പലരും സന്തോഷക്കണ്ണീരിലായി. അബുദാബിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദും വിജയികൾക്ക് താക്കോൽ കൈമാറി. “പലപ്പോഴും, മികവിനെ നമ്മൾ വിലയിരുത്തുന്നത് കണക്കുകളിലൂടെയാണ്. എന്നാൽ യഥാർത്ഥ നഴ്സിംഗ് മികവ് അളക്കാനാവില്ല. ആശ്വസിപ്പിക്കുന്ന കരങ്ങളിലും, പ്രത്യാശ പകർന്ന് നൽകുന്ന ഹൃദയങ്ങളിലുമാണത് ജീവിക്കുന്നത്. ഇത്തരം വിലമതിക്കാനാവാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഡ്രൈവിംഗ് ഫോഴ്സ് അവാർഡ്,” ജോൺ സുനിൽ പറഞ്ഞു. ബുർജീൽ യൂണിറ്റുകളിലുടനീളം മാസങ്ങൾ നീണ്ട വിലയിരുത്തലുകൾക്ക് ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. നഴ്സുമാരുടെ പ്രകടനം, കമ്മ്യൂണിറ്റി സേവനം, രോഗികളുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എന്നിവ അവലോകനം ചെയ്താണ് അന്തിമവിജയികളെ തീരുമാനിച്ചത്. വരും ദിനങ്ങളിൽ ബുർജീലിന്റെ ആരോഗ്യശൃംഖലയിലുള്ള 100 നേഴ്സുമാർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും നൽകും.