ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ പ്രമുഖ എഴുത്തുകാരനായ അഹമ്മദ്കുട്ടി ഉണ്ണികുളത്തിന്റെ ‘പകരം ഇല്ലാത്ത സീതി സാഹിബ്” എന്ന പുസ്തകം ബഷീർ അലി തങ്ങൾ റീജൻസ് ഗ്രൂപ്പ് മേധാവി ഷംസുദ്ധീൻ ബിൻ മുഹയ്ദ്ധീന് നൽകി നൽകികൊണ്ട് പ്രകാശനംചെയ്തു. പുസ്തകത്തിന്റെപ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്.
മാതൃകാപുരുഷനായ കെ.എം.സീതി സാഹിബിനെക്കുറിച്ച് അഹമ്മദ്കുട്ടി ഉണ്ണികുളം ഇരുപത്തിരണ്ട് അദ്ധ്യായങ്ങളിലായി രചിച്ച ഗ്രന്ഥമാണിത്. കെ.എം.സീതി സാഹിബ് കേരളീയ നവോത്ഥാനത്തിനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപനത്തിനും വഹിച്ച സുപ്രധാന പങ്കാണ് ഇതിൽ അനാവരണം ചെയ്തിരിക്കുന്നത്. അദ്ദേഹം തൻ്റെ ജീവിതയാത്രക്കൊടുവിൽ 1960 – ൽ കേരളത്തിന്റെ സമാദരണീയ സ്പീക്കറായി സർവരുടെയും ആദരവ് പിടിച്ചു പറ്റി. ഇന്ത്യ കണ്ട ഏറ്റവും നല്ല സംസ്ഥാന സ്പീക്കർ എന്ന അംഗീകാരം എല്ലാ ഭാഗത്തു നിന്നും ഉണ്ടായി. 1961 – ഏപ്രിൽ 17 ന് അദ്ദേഹം ഈ ഭൂമിയിൽ നിന്ന് വിടപറഞ്ഞു. 62 വയസുവരെ അദ്ദേഹം നടന്ന വഴികളും, നേരിട്ട ഭീഷണികളും വിദ്യാഭ്യാസോൽക്കർഷത്തിന് പ്രവർത്തിച്ച കാര്യങ്ങളും നവോത്ഥാനത്തിന്റെ നായകത്വം വഹിച്ചതുമെല്ലാം പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.
പരിപാടിയിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി, ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, പുത്തൂർ റഹ്മാൻ, അൻവർ നഹാ, ഇബ്രാഹിം എളേറ്റിൽ, നിസാർ തളങ്കര, അബ്ദുല്ല മല്ലിച്ചേരി, ഹമീദ് മദീന, കെ.ടി.കെ.മൂസ, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സന്നിഹിതരായിരുന്നു.