ദുബായ്: യുഎഇ യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മംഗോ മാനിയ’ക്ക് തുടക്കമായി. ഇരുപത് രാജ്യങ്ങളിൽ നിന്നായി നൂറിലേറെ ഇനം മാമ്പഴങ്ങളാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്. മാങ്ങകൊണ്ടുള്ള വിഭവങ്ങളും മേളയുടെ ഭാഗമായി ലുലു ഒരുക്കിയിട്ടുണ്ട്.മംഗോ മാനിയയുടെ യുഎഇ തല ഉദ്ഘാടനം ദുബായ് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. മാമ്പഴത്തോടുള്ള ഇന്ത്യക്കാരുടെ പ്രിയം മനസിലാക്കി മാമ്പഴോത്സവം സംഘടിപ്പിച്ച ലുലു മാനേജ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ, യുഎഇ, യമൻ ബ്രസീൽ, മെക്സിക്കോ, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, ഐവറി കോസ്റ്റ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ നാട്ടുമാങ്ങ മുതൽ ലോകത്തിലെ ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴം വരെ ലുലു ഔട്ട് ലെറ്റുകളിൽ ഇടം പിടിച്ചിട്ടുണ്ടെന്ന് ലുലു ഡയറക്ടർ ജെയിംസ് കെ വർഗീസ് പറഞ്ഞു.ജാപ്പനീസ് ഇനമായ മിയാസാക്കിയുടെ ഇന്ത്യൻ വകഭേദത്തിന് കിലോയ്ക്ക് 550 ദിർഹമാണ് ദുബായിലെ വില. മാങ്ങാ ലഡു ഉൾപ്പെടെയുള്ള വിഭവങ്ങൾ അണിനിരത്തിയുള്ള ഭക്ഷ്യമേളയും ഇതോടൊപ്പം നടത്തുന്നുണ്ടെന്ന് ലുലു റീജിയണൽ ഡയറക്ടർ കെ.പി. തമ്പാൻ അറിയിച്ചു.മാമ്പഴവും മറ്റ് ഉത്പന്നങ്ങളും മെയ് 10 വരെ luluhypermarket.com എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
ദുബായിലെ ഉദ്ഘാടന ചടങ്ങിൽ ലുലു ഡയറക്ടർ ജെയിംസ് കെ വർഗീസ്, ലുലു റീജിയണൽ ഡയറക്ടർ കെ.പി. തമ്പാൻ, ഫ്രൂട്സ് ആന്റ് വെജിറ്റബിൾ ഡയറക്ടർ സുൽഫീക്കർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. മാമ്പഴ മേള ഈമാസം 10ന് അവസാനിക്കും.