ദുബായ്: ആരോഗ്യ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളുടെ പേരിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന് യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്സിന്റെ ‘ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്’ സമ്മാനിക്കും. ഏപ്രിൽ 27ന് റാസ് അൽ ഖൈമ കൾച്ചറൽ ഡെവലപ്മെൻറ് സെന്ററിൽ നടക്കുന്ന മറായ 2025 കൺവെൻഷനിലാണ് അവാർഡ് സമ്മാനിക്കുന്നത്. സംഘടനയുടെ പതിനൊന്നാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ സുഗു കോശി (ഉമ്മൽ ഖുവൈൻ ) കൺവെൻഷനിൽ സ്ഥാനമേറ്റെടുക്കും .സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഡോ. നിർമല രഘുനാഥന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൺവെൻഷൻ സുവനീർ ചലച്ചിത്ര താരം അനാർക്കലി മരിക്കാർ പ്രകാശനം ചെയ്യും.
സമ്മേളനത്തിൽ പുതിയ സെക്രട്ടറി ജനറൽ ഡോ. ഫിറോസ് ഗഫൂർ , ട്രഷറർ ഡോ. ജമാലുദ്ദീൻ അബൂബക്കർ എന്നിവരോടൊപ്പം കേന്ദ്ര സമിതി അംഗങ്ങളും 7 റീജിയണുകളുടെ ചെയർപേഴ്സൺമാരും 2027- 29 ലെ നിയുക്ത പ്രസിഡന്റ് ഡോ. സഫറുള്ളാഖാനും സ്ഥാനമേൽക്കും. സ്ഥാനമൊഴിയുന്ന സെക്രട്ടറി ജനറൽ ഡോ ആസിഫ് പി എ സംഘടനയുടെ രണ്ടുവർഷത്തെ പ്രവർത്തനറിപ്പോർട് അവതരിപ്പിക്കും.
പുതിയ പ്രസിഡന്റിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പ്രമേയമായി തെരഞ്ഞെടുത്ത ‘സാംസ്കാരിക വൈവിധ്യത്തിൻറെ ആഘോഷം’ എന്ന പ്രമേയം എകെഎംജി മുൻപ്രസിഡൻറ് ഡോ പിഎം സിറാജുദീൻ ഉദ്ഘാടനം ചെയ്യും. ആയിരത്തിലെറെ ഡോക്ടർമാരും കുടുംബാംഗങ്ങളും സമ്മേളനത്തിൻ പങ്കെടുക്കും.എകെഎംജി എമിറേറ്റ്സിന്റെ 7 റീജണുകളിലെ ഡോക്ടർമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വൈവിദ്ധ്യമാർന്ന നൃത്ത -സംഗീത -നാടക പരിപാടികളും സമ്മേളനത്തോടനുനുബന്ധിച്ച് അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൺവെൻഷന്റെ ഭാഗമായി ഏപ്രിൽ 25 വെള്ളിയാഴ്ച്ച ദുബായ് ദേരയിൽ നടത്തുന്ന അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ യുഎസ് അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ ആധുനികവൈദ്യശാസ്ത്രത്തിലെ നൂതന ചികിത്സാരീതികളെക്കുറിച്ച് ക്ലാസ്സെടുക്കും.
. മെഡികോൺ ഇന്റർനാഷണൽ ഇവന്റ്സ് എന്ന അനുബന്ധ കമ്പനി വഴിയാണ് എകെഎംജി എമിറേറ്റ്സ് മെഡിക്കൽ-ദന്ത തുടർവിദ്യാഭ്യാസപരിപാടികളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നത്.
മുപ്പത് രോഗികൾക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയ നടത്തിയ ‘സേവ് എ ഹാർട്ട് പ്രോഗ്രാം’, കേരളത്തിൽ സുനാമി, വെള്ളപ്പൊക്ക ബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം, ലേബർ ക്യാമ്പുകളിൽ സൂര്യാഘാത ആരോഗ്യ ബോധവൽക്കരണ-മെഡിക്കൽ ക്യാമ്പുകൾ, കോവിഡ് മഹാമാരിക്കാലത്ത് നോർക്കയുമായി സഹകരിച്ച് നടത്തിയ കൗൺസിലിംഗും 200 ഓളം പേർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകിയതും സംഘടന നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. കേരളത്തിലെ ആൽഫ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ആംബുലൻസ് നൽകാനും, വടകരയിലും ആലുവയിലും ഡയാലിസിസ് മെഷീനുകൾ നൽകാനും, തമിഴ്നാട്ടിലെ സിറ്റിലിംഗിയിലെ ട്രൈബൽ ഹെൽത്ത് ഇനീഷ്യേറ്റീവിലെ ഓപ്പറേഷൻ തിയറ്റർ നവീകരിക്കാനും എ കെ എം ജി കൂട്ടായ്മക്ക് സാധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രകൃതി ദുരന്തത്തെത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തുമലയിൽ 5 വീടുകളും വയനാട്ടിൽ ബിൽഡേഴ്സ് അസോസിയേഷനുമായി സഹകരിച്ച് വെള്ളാർമല സർക്കാർ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയത്തിൽ 2 ക്ലാസ്സുമുറികളും നിർമിച്ച് കൈമാറാൻ കഴിഞ്ഞു.
സംഘടനയുടെ വിവിധ തലങ്ങളിലെ ഭാരവാഹികളായ ഡോ.പി എം സിറാജുദ്ദിൻ, ഡോ.ജോർജ് ജേക്കബ്,ഡോ.
സണ്ണി കുര്യൻ,ഡോ. ഫിറോസ് ഗഫൂർ, ഡോ.സഫറുള്ള ഖാൻ,ഡോ.നിർമല രാഘുനാഥൻ,ഡോ. ജോർജ് ജോസഫ്. ഡോ.ആസിഫ് പി എ, ഡോ.ജമാലുദ്ദിൻ അബുബക്കർ, ഡോ.സുഗു മലയിൽ കോശി,ഡോ.നിത സലാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.