ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഹത്തയിലെ പരുക്കൻ ഭൂപ്രദേശങ്ങളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച് ദുബൈ പൊലിസിലെ രക്ഷാ സംഘമായ ‘ഹത്ത ബ്രേവ്സ് യൂണിറ്റ്. 2024ൽ പർവത പ്രദേശങ്ങളിൽ കുടുങ്ങിയ 25 വ്യക്തികളെ രക്ഷിക്കുകയും 200ലധികം പേർക്ക് അടിയന്തര വൈദ്യ സഹായം നൽകുകയും ചെയ്തു ഈ സംഘം.പർവത മേഖലകളിൽ കുടുങ്ങിപ്പോയ കാൽനട യാത്രക്കാർക്കും പർവതാരോഹകർക്കും ദുരിതത്തിലായ വിനോദ സഞ്ചാരികൾക്കും ജീവനാഡി പോലെ സുപ്രധാന രക്ഷാ സംഘമായി ഈ യൂണിറ്റ് ഉയർന്നിരിക്കുന്നു.ഹത്ത പൊലിസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് ദുബൈ പൊലിസ് എയർ വിംഗ്, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ് എന്നിവയുമായി അടുത്ത ഏകോപനത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ദുബൈയിലെ ഏറ്റവും ദുർഘടവും വിദൂരവുമായ പ്രദേശങ്ങളിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിൽ ടീം നിർണായക പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു.യൂണിറ്റിന്റെ വിജയത്തിന് തന്ത്രപരമായ ദീർഘ വീക്ഷണം നടപ്പാക്കിയതിനെ ഹത്ത പൊലിസ് സ്റ്റേഷൻ ഡയരക്ടർ ബ്രിഗേഡിയർ മുബാറക് ബിൻ മുബാറക് അൽ കിത്ബി പ്രശംസിച്ചു. ദുബൈ പൊലിസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറിയുടെ നിർദേശ പ്രകാരമാണ് ‘ഹത്ത ബ്രേവ്‌സ്’ രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ-അന്തർദേശീയ വിനോദ സഞ്ചാരികൾക്ക് പ്രധാന ലക്ഷ്യസ്ഥാനമായി ഹാത്തയെ മാറ്റുകയെന്ന വിശാല കാഴ്ചപ്പാടിന്റെ ഭാഗമായാണിത്.
ഹത്ത ബ്രേവ്‌സിന്റെ പ്രവർത്തനം ദുബൈ പൊലിസിന്റെ ദ്രുത അടിയന്തര പ്രതികരണം എന്ന തന്ത്രപരമായ ലക്ഷ്യവുമായി യോജിക്കുന്നുവെന്ന് അൽ കിത്ബി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും ഹൈക്കർമാർ, ബൈക്കർമാർ, അഡ്വഞ്ചറിസ്റ്റുകൾ എന്നിവർ കുടുങ്ങിയ പ്രദേശങ്ങളിൽ അതിവേഗം പ്രവർത്തിക്കാൻ ഓരോ അംഗത്തിനും പരിശീലനം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടകരമായ പർവത പ്രദേശങ്ങളിൽ സഞ്ചരിക്കാനും പ്രതിസന്ധി നിറഞ്ഞ സന്ദർഭങ്ങളിൽ മികച്ച നിലയിൽ പ്രവർത്തിക്കാനും ടീം അംഗങ്ങൾ പ്രത്യേക പരിശീലനം നേടുന്നു.ഇടുങ്ങിയ പാതകൾക്കും വിദൂര താഴ്‌വരകൾക്കുമായി രൂപകൽപന ചെയ്‌തിരിക്കുന്ന ഹൈ മൊബിലിറ്റി സൈക്കിൾ പട്രോളിംഗുകളുടെ ഒരു കൂട്ടമാണ് ടീമിന്റെ സവിശേഷതകളിലൊന്ന്. ഓരോ ബൈക്കിലും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന നൂതന സ്മാർട്ട് ഉപകരണങ്ങൾ, റെസ്ക്യൂ കിറ്റുകൾ, ആശയ വിനിമയ ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കാൻ ബ്രേവ്‌സ് ടീം തീവ്രമായ ഫീൽഡ് പരിശീലനം പൂർത്തിയാക്കുന്നു -ഹത്ത പൊലിസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയരക്ടർ കേണൽ അബ്ദുല്ല അൽ ഹഫീത് പറഞ്ഞു. ദുർഘട വിദൂര പ്രദേശങ്ങളിൽ എത്താനുള്ള അവരുടെ കഴിവ് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.ഹത്ത ബ്രേവ്‌സ് മുഖ്യമായും സാങ്കേതിക വിദ്യ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഓഫ്-റോഡ് വാഹനങ്ങൾ, എൽ.ഇ.ഡി സെർച്ച്ലൈറ്റുകൾ, രാത്രി ദൗത്യങ്ങൾക്കുള്ള തെർമൽ ഡ്രോണുകൾ എന്നിങ്ങനെ കൃത്യതയുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി യൂണിറ്റ് സദാ സജ്ജമാണ്. കമാൻഡ് യൂണിറ്റുകൾക്ക് തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നതിന് ഓരോ ഉദ്യോഗസ്ഥനും ലൈവ് സ്ട്രീമിംഗ് ഹെൽമെറ്റ് ക്യാമറ ധരിക്കുന്നു.
ഇടുങ്ങിയതും ദുർഘടവുമായ പാതകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ബൈക്കുകൾ, റെസ്ക്യൂ ഗിയർ, സ്മാർട്ട് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ എന്നിവയും രക്ഷാ പ്രവർത്തനങ്ങളെ വിജയിപ്പിക്കുന്നുവെന്ന് ഹത്ത ബ്രേവ്സ് യൂണിറ്റ് മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് മുഹമ്മദ് ഉബൈദ് അൽ കഅബി പറഞ്ഞു.ബൈക്കുകൾക്ക് പുറമേ, പർവതങ്ങളിൽ ഉയർന്ന അപകട സാധ്യതയുള്ള രക്ഷാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് യൂണിറ്റ് ക്വാഡ് ബൈക്കുകൾ, ഡ്രോണുകൾ, ഹെവി ഡ്യൂട്ടി ഉപകരണങ്ങൾ എന്നിവയും ടീമിന്റെ കൈവശമുണ്ട്.