ദുബായ് :ദുബായ് വേൾഡ് കപ്പ് 2025-ന്റെ ലോഗോ പതിപ്പിച്ച പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി ദുബായ് താമസ – കുടിയേറ്റ വകുപ്പ്. ഏപ്രിൽ 3 മുതൽ 9 വരെ ദുബായ് വിമാനത്താവളങ്ങൾ വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും പാസ്‌പോർട്ടുകളിൽ ഈ സ്റ്റാമ്പ് പതിപ്പിക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യമേറിയതുമായ കുതിരപ്പന്തയ മത്സരങ്ങളിലൊന്നായ ദുബായ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രതീകമാണ് ഈ സ്മരണിക സ്റ്റാമ്പ്. ഇത് സന്ദർശകരുടെ പാസ്‌പോർട്ടുകളിൽ ഒരു ശാശ്വതമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു .അതിനിടയിൽ ,ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക പാസ്‌പോർട്ട് നിയന്ത്രണ ടീമുകളെ നിയോഗിച്ച് ചാമ്പ്യൻഷിപ്പ് പങ്കാളികളുടെ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.യു.എ.ഇയിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടികൾക്ക് പിന്തുണ നൽകാനും, യാത്രക്കാർക്ക് സവിശേഷമായ സ്വാഗതാനുഭവം നൽകാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം.കായിക-സാംസ്കാരിക പരിപാടികളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തുന്നു.യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ദേശീയ-അന്തർദേശീയ പരിപാടികൾക്ക് പിന്തുണ നൽകാനുള്ള ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ജി.ഡി.ആർ.എഫ്.എ-ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.ദുബായ് വേൾഡ് കപ്പ് പോലുള്ള ലോകോത്തര ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലെ രാജ്യത്തിന്റെ അഭിമാനത്തെയും യു.എ.ഇയുടെ അസാധാരണമായ ആതിഥ്യമര്യാദയെയും ഈ പ്രതീകാത്മക സംരംഭം എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു