ദുബായ് : മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ നിറഞ്ഞു നില്ക്കുന്ന അനവധി സംഗീത പ്രതിഭകളെ പരിചയപ്പെടുത്തിയ സ്റ്റാർ സിംഗർ 10-ാമത് സീസണിന്റെ മെഗാ ലോഞ്ച് ഇവന്റ് മാർച്ച് 29, മാർച്ച് 30 (ശനിയാഴ്ചയും ഞായറാഴ്ചയും) വൈകിട്ട് 7 മണിക്ക് (യുഎഇ സമയം) ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റിൽ സംപ്രേഷണം ചെയ്യും.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6,000-ത്തിലധികം മത്സരാർത്ഥികളിൽ നിന്ന് 35 പേർ ഈ മാസ്മരികമായ മെഗാ ലോഞ്ച് ഇവന്റിൽ മത്സരിക്കാനായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർ സിംഗർ സീസൺ 10 എന്ന ഈ മഹത്തായ സംഗീതയാത്രയുടെ ഭാഗമാകാനുള്ള അവരുടെ അവസാന അവസരമായിരിക്കും ഇത്.പ്രശസ്ത സംഗീതജ്ഞരായ ജെറി അമൽദേവ്, ഔസേപ്പച്ചൻ, പ്രശസ്ത ഗാനരചയിതാവായ ഷിബു ചക്രവർത്തി എന്നിവർ ഭദ്രദീപം തെളിയിച്ചു മെഗാ ലോഞ്ച് ചടങ്ങ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യും. പുതിയ സീസണിലെ ബഹുമാനപ്പെട്ട ജഡ്ജിമാരുടെ പാനൽ – മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, പ്രതിഭാശാലികളായ പിന്നണി ഗായകർ – വിധു പ്രതാപ്, സീതാര കൃഷ്ണകുമാർ എന്നിവരും അവരോടൊപ്പം ചടങ്ങിൽ അണിനിരക്കും.മഞ്ജു വാര്യരും ഭാവനയും പ്രത്യേക അതിഥികളായി പങ്കെടുത്തു താരനിബിഢമായ ഈ സംഗീതവിരുന്നിന് മാറ്റ് കൂട്ടും. RJ മിഥുൻ, വർഷ രമേഷ് എന്നിവർ അവതാരകരായി വേദിയിൽ എത്തും.ഈ മെഗാ ലോഞ്ചിന് ശേഷം ഏപ്രിൽ 5 മുതൽ സ്റ്റാർ സിംഗർ സീസൺ 10ന്റെ ആവേശകരമായ എപ്പിസോഡുകൾ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് (യുഎഇ സമയം) സംപ്രേക്ഷണം ചെയ്യും.”സ്റ്റാർ സിംഗർ സീസൺ 10 – കേരളം പാടുന്നു” എന്ന ആശയമുള്ള ഈ സീസൺ കേരളത്തെ സ്വരമാധുരിയുടെയും താളബോധത്തിന്റെയും ആഘോഷമാക്കി മാറ്റുമെന്ന് ഉറപ്പ് നൽകുന്നു. ആവേശകരമായ ഒരു പുതുമ കൂടി നിങ്ങളെ കാത്തിരിക്കുന്നു, കേരളത്തിലുടനീളമുള്ള കോഫി ഷോപ്പുകൾ തത്സമയ സംഗീത സെഷനുകളുടെ ഊർജ്ജസ്വലമായ ഹബ്ബുകളായി മാറും, ഇത് ഷോയ്ക്ക് സവിശേഷമായ ഒരു മാനം നൽകുകയും സംഗീതത്തിലൂടെ ഒരുമയുടെ ഭാവം വളർത്തിയെടുക്കുകയും ചെയ്യും.ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ്, eLife TV – ചാനൽ നമ്പർ 801, Yupp TV എന്നിവയിൽ ലഭ്യമാണ്.