അബൂദബി: യുഎഇയില്‍ മാര്‍ച്ച് വിഷുവം നാളെ (മാര്‍ച്ച് 11) നടക്കും. പകലും രാത്രിയും തുല്യ ദൈര്‍ഘ്യവും ഋതുഭേദങ്ങളും അടയാളപ്പെടുത്തുന്ന വിഷുവം പ്രതിഭാസം ഓരോ വര്‍ഷത്തിലും രണ്ട് തവണയാണ് നടക്കാറുള്ളത്. ഇതുപ്രകാരം യുഎഇയില്‍ നാളെ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ പകലും രാത്രിയും കൃത്യമായി 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി പറഞ്ഞു.
മാര്‍ച്ച് മാസത്തിലെ വസന്തകാലത്തിന്റെ തുടക്കം കൂടി വിഷുവം പ്രതിഭാസം അടയാളപ്പെടുത്തുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പകലുകള്‍ ക്രമേണ നീളുകയും ചൂട് കൂടുകയുംചെയ്യും. പിന്നീട് സെപ്റ്റംബറില്‍ ആയിരിക്കും ശരത്കാല സീസണ് ആരംഭിക്കുകയെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയര്‍മാനും അറബ് യൂണിയന് ഫോര്‍ ജ്യോതിശാസ്ത്രം ആന്‍ഡ് സ്പേസ് സയന്‍സസിന്റെ അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.
ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും
ഇതോടൊപ്പം ഈ മാസം പൂര്‍ണ്ണ ചന്ദ്രഗ്രഹണവും സംഭവിക്കും. ഈ മാസം 14ന് രാത്രി 05:09 നും 08:48നും ഇടയില്‍ ആയിരിക്കും പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുക. പൂര്‍ണ്ണ ചന്ദ്രനോടൊപ്പം ഗ്രഹണം സംഭവിക്കുകയും അമേരിക്കയിലുടനീളം ഇത് ദൃശ്യമാകുകയും ചെയ്യും. എന്നാല്‍ യുഎഇയിലോ അറേബ്യന്‍ ഉപദ്വീപിലോ ഇത് ദൃശ്യമാകില്ല. അമേരിക്കയിലുള്ളവര്‍ക്ക് മാത്രമെ ചന്ദ്ര ഗ്രഹണം പൂര്‍ണ്ണമായും കാണാന്‍ അവസരം ഉണ്ടാകൂ.
മറ്റൊരു പ്രധാന സംഭവവും കൂടി ഈ മാസം നടക്കാനിരിക്കുകയാണ്. മാര്‍ച്ച് 29ന് നടക്കുന്ന ഭാഗിക സൂര്യഗ്രഹണമായിരിക്കും അത്.