അബൂദബി: 2024ല്‍ അബൂദബിയിലെ കര, കടല്‍, വ്യോമ പ്രവേശന കേന്ദ്രങ്ങളില്‍ നിന്ന് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതായി കണക്കാക്കിയ ഏകദേശം 749 ടണ്‍ ഇറക്കുമതി ചെയ്ത ഭക്ഷണം പിടിച്ചെടുത്ത് കണ്ടുകെട്ടിയതായി അബൂദബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ ചിലത് അവ ഇറക്കുമതി ചെയ്ത രാജ്യത്തേക്ക് തിരികെ അയക്കുകയും മറ്റുചിലത് നശിപ്പിക്കുകയും ചെയ്തെന്ന് അതോറിറ്റി വ്യക്തമാക്കി.ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്ത 1,528,639 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പരിശോധന നടത്തിയതായി ADAFSA വെളിപ്പെടുത്തി. ഇതില്‍ 82,429 ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളും 681,123 കയറ്റുമതി ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ മികച്ച ഭക്ഷ്യസുരക്ഷാ രീതികളും നിയന്ത്രണ തന്ത്രങ്ങളും നടപ്പിലാക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന് സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത അതോറിറ്റി പറഞ്ഞു.
വാണിജ്യ ഭക്ഷ്യ ചരക്കുകള്‍ക്കായി ഡോക്യുമെന്റേഷനും ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കല്‍, ദൃശ്യ പരിശോധനകള്‍ നടത്തല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലബോറട്ടറി പരിശോധന നടത്തല്‍ എന്നിവ ഉള്‍പ്പെടുന്നു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള അന്താരാഷ്ട്ര രീതികളുടെയും അപകടസാധ്യത വിശകലന തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സമഗ്രമായ അവബോധ പരിപാടികള്‍ അതോറിറ്റി സംഘടിപ്പിക്കും.