വീണ്ടും ഒരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വര്‍ണം. ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായി . കഴിഞ്ഞ ദിവസത്തേത് പോലെ വന്‍ കുതിപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സ്വര്‍ണ വിലയില്‍ ഉയര്‍ച്ച തന്നെയാണ് കാണിക്കുന്നത്. ആഗോള രംഗത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ആഭരണം എന്നതിനേക്കാള്‍ സ്വര്‍ണത്തെ സുരക്ഷിതമായി നിക്ഷേപമായി കാണുന്നവരാണ് ഭൂരിഭാഗവും.
ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്നലെ 8040 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില 8050ല്‍ എത്തി. പവന് 80 രൂപ വര്‍ധിച്ച് 64,400 രൂപയായി. പവന്‍ വിലയില്‍ 80 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. 64,320 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എട്ടു ഗ്രാം ചേരുന്നതാണ് ഒരു പവന്‍. കേരളത്തില്‍ ഇനി വിവാഹ സീസണിലേക്കാണ് കടക്കുന്നത്. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോഴാകട്ടെ പവന്‍ വിലയേക്കാള്‍ ചുരുങ്ങിയത് 50000 രൂപയോളം ചിലപ്പോള്‍ അധികമായി നല്‍കേണ്ടി വരും.ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണങ്ങള്‍ക്ക് ഈടാക്കുന്നത് കൊണ്ടാണിത്. ഇന്നത്തെ വില അനുസരിച്ച് ഇതെല്ലാം കൂട്ടുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 70000 രൂപയെങ്കിലും ചെലവാകും.