ഷാർജ : കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും മുതിർന്ന കോൽക്കളി കലാകാരനുമായ ബീരാൻ കോയ ഗുരുക്കളെ ദുബായിലെ എടരിക്കോട് കോൽക്കളി ടീം ആദരിച്ചു. ഷാർജ മുവൈലയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് ഈ ആദരവ് നൽകിയത്. അസീസ് മണമ്മലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടെൽകോൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സി ഇ ഒ യും യുവ സംരംഭകനുമായ സഹൽ കബീർ ബീരാൻ കോയ ഗുരുക്കളെ പൊന്നാട അണിയിച്ചു. സബീബ് എടരിക്കോട് പരിപാടിയ്ക്ക് നേതൃത്വം നൽകി.കഴിഞ്ഞ 45 വർഷത്തിലധികമായി കേരളത്തിലെ കോൽക്കളി പരിശീലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബീരാൻ കോയ ഗുരുക്കൾ, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി പുരസ്കാര ജേതാവും ദൂരദർശൻ കലാകാരനുമാണ്. കോൽക്കളിയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ‘മാപ്പിള കോൽക്കളി’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അന്തരിച്ച ഫറോക്ക് ബിച്ചുക്കോയ ഗുരുക്കളുടെ ശിഷ്യനായ അബ്ദു ഗുരുക്കൾ, സീതി ഗുരുക്കൾ, പോക്കു ഗുരുക്കൾ തുടങ്ങിയ പ്രമുഖ കലാകാരന്മാരിൽ നിന്നാണ് ഗുരുക്കൾ കോൽക്കളി അഭ്യസിച്ചത്. ഈ രംഗത്ത് നിരവധി വർഷങ്ങളായി പരിജ്ഞാനമുള്ള ബീരാൻ കോയ ഗുരുക്കൾക്ക് ആയിരത്തിലധികം ശിഷ്യന്മാരുണ്ട്. ഐക്കരപ്പടി പൂച്ചാൽ സ്വദേശിയായ ഗുരുക്കൾ, കോൽക്കളി കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രമല്ല, അതിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.