ദുബായ്: ദുബായിൽ നിർമ്മാണം ആരംഭിക്കുന്ന യുഎഇയിലെ ആദ്യത്തെ 3D പ്രിന്റഡ് പള്ളി 2026 ന്റെ രണ്ടാം പാദത്തിൽ വിശ്വാസികൾക്കായി തുറക്കുമെന്ന് ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.ദുബായിൽ 55 പുതിയ പള്ളികൾ കൂടി നിർമിക്കും. പള്ളികളുടെ നിർമ്മാണത്തിനായി 54 പുതിയ പ്ലോട്ടുകൾ അനുവദിച്ചതായി ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് പള്ളി കാര്യ വിഭാഗം അറിയിച്ചു. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, 172 മില്യൺ ഡോളർ ചെലവിൽ 24 പുതിയ പള്ളികൾ നിർമ്മിച്ചു. പള്ളികൾക്ക് ആകെ 13,911 വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ദുബായിലെ ആദ്യത്തെ സ്വയം സുസ്ഥിരമായ പള്ളി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.18,150,000 ദിർഹം ചെലവിൽ നിർമിച്ച പള്ളിയിയിൽ അഞ്ഞൂറോളം വിശ്വാസികൾക്ക് പ്രാർത്ഥന നടത്താനുള്ള സൗകര്യമുണ്ട്.വിശ്വാസികൾക്ക് ഗുണകരമായ നിരവധി പ്രവർത്തനങ്ങൾ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്.
വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെ ഇംഗ്ലീഷിലേക്കുള്ള വിവർത്തനം 70% പള്ളികളിലും ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു.ഏകദേശം 16,291 അഭ്യർത്ഥനകൾക്ക് ഖിബ്ല നിർണ്ണയ സേവനം നൽകുകയും 1,232-ലധികം പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്തു, നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ 100% പരിഹാര നിരക്ക് കൈവരിച്ചു.സാമ്പത്തിക സഹായം നൽകുന്നവരെ അംഗീകരിക്കുന്ന പ്രക്രിയ വേഗത്തിലാക്കിയതിന്റെ ഫലമായി 50 മില്യൺ ദിർഹത്തിലധികം സാമ്പത്തിക സംഭാവനകൾ സമാഹരിക്കാൻ സാധിച്ചു.
അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറുമായി സഹകരിച്ച് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പള്ളി രൂപകൽപ്പനയിലും എഞ്ചിനീയറിംഗിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനും, യുവ പ്രതിഭകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും സാധിക്കുന്നു.
ദുബായിലെ പള്ളികളിൽ കാർബൺ ബഹിർഗമനത്തിൽ 5% കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാര അളക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചതിന്റെ ഫലമായി ഊർജ്ജ കാര്യക്ഷമത 20% മെച്ചപ്പെട്ടു. സുസ്ഥിരതാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പള്ളികൾക്ക് 7-സ്റ്റാർ റേറ്റിംഗ് നേടുക എന്ന ലക്ഷ്യത്തോടെ ‘പള്ളി ഗൈഡ്’ തയ്യാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്.