അബുദാബി ∙ ആഗോള റാങ്കിങ്ങിൽ യുഎഇ സർവകലാശാലകൾ മികവിന്റെ ഉയരങ്ങളിൽ. അധ്യാപന ഗുണനിലവാരം, ഗവേഷണം, രാജ്യാന്തര വിദ്യാഭ്യാസ സഹകരണം, നിക്ഷേപം എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലാണ് യുഎഇയിലെ സർവകലാശാലകൾ മികവു കാട്ടിയത്.
മാനവശേഷി വികസനം, വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്തുക, തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന പാഠ്യപദ്ധതി നടപ്പാക്കുക തുടങ്ങിയവയും ഈ നേട്ടത്തിന് കാരണമായി. ഏറ്റവും പുതിയ ക്വാക്വറെല്ലി സൈമണ്ട്സ് (ക്യുഎസ്) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025 അനുസരിച്ച് യുഎഇക്കു പുറമേ സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലെ സർവകലാശാലകളും മികവ് പുലർത്തി.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ തിരഞ്ഞെടുപ്പിനെ യൂണിവേഴ്സിറ്റി റാങ്കിങ് ശക്തമായി സ്വാധീനിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പോലുള്ള സൂചികകൾ നയരൂപീകര വിദഗ്ധർക്കും സർക്കാർ ഉദ്യോഗസ്ഥരെയും സഹായിക്കുന്നു. വിഭവ വിഹിതം, വിദ്യാഭ്യാസ നയങ്ങൾ, കോഴ്സുകൾ, ധനസഹായം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനും റാങ്കിങ് സഹായകമാണ്. വിദ്യാഭ്യാസം, ഗവേഷണം, രാജ്യാന്തര പങ്കാളിത്തം എന്നിവയിലെ സുസ്ഥിര നിക്ഷേപത്തിന്റെ ഫലമായി യുഎഇ സർവകലാശാലകൾ അതിവേഗം ആഗോള അംഗീകാരം നേടുന്നുണ്ടെന്ന് ആർതർ ഡി ലിറ്റിൽ മിഡിൽ ഈസ്റ്റ് പ്രിൻസിപ്പൽ യിഗിറ്റ് സാഫ് പറഞ്ഞു. റാങ്കിങ് മെച്ചപ്പെടുത്തുന്നതിലല്ല മേഖലയുടെ ശ്രദ്ധയെന്നും മറിച്ച് ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്ന തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖലീഫ യൂണിവേഴ്സിറ്റി, യുഎഇ യൂണിവേഴ്സിറ്റി, അബുദാബി യൂണിവേഴ്സിറ്റി, സായിദ് യൂണിവേഴ്സിറ്റി, ഷാർജ യൂണിവേഴ്സിറ്റി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ തുടങ്ങിയവയാണ് രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികൾ.