അബുദാബി: വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനാകാതെ പോയവർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ച് അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ. നിർദ്ധനരും നിരാലംബരുമായവർക്ക് കൈത്താങ്ങേകാനുള്ള പദ്ധതിയുടെ വിവരങ്ങൾ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ അനാവരണം ചെയ്തു. ഇന്ത്യൻ മീഡിയയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ നാട്ടിൽ വീടില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുകയാണ് ലക്ഷ്യം. വിപിഎസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറും ബുർജീൽ ഹോൾഡിങ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ പിന്തുണയോടെയാണ് ആദ്യ വീട് നിർമ്മിക്കുക. പദ്ധതിയെപ്പറ്റി അറിഞ്ഞപ്പോൾ തന്നെ ആദ്യ ഭവന നിർമ്മാണത്തിനുള്ള സന്നദ്ധത ഡോ. ഷംഷീർ അറിയിച്ചതായി ഇന്ത്യൻ മീഡിയ ഭാരവാഹികൾ പറഞ്ഞു. ഏറെക്കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്നവരുടെ കുടുംബത്തിനാണ് മുൻഗണന നൽകുക. ഭൗതികമായി തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതാണ് ജീവകാരുണ്യ പ്രവർത്തനമെന്ന് പദ്ധതി നടപ്പാക്കുന്നതിൽ ഇന്ത്യൻ മീഡിയയെ അഭിനന്ദിച്ച മന്ത്രി കെ.ബി ഗണേഷ്കുമാര് പറഞ്ഞു. സഹായം നല്കുന്ന വ്യക്തി അല്ലെങ്കില്‍ കുടുംബം പ്രത്യേക നിമിഷത്തില്‍ അനുഭവിക്കുന്ന സംതൃപ്തിയും സുരക്ഷാബോധവുമായിരിക്കും നമുക്ക് കിട്ടുന്ന അഭൗതികമായ പ്രതിഫലം.
അടച്ചുറപ്പില്ലാത്ത കൂരയില്‍ യാതൊരു സുരക്ഷയുമില്ലാതെ പ്രായമായ പെണ്മക്കളുമായി കഴിയുന്ന ഒരു സ്ത്രീക്ക് സഹായമായി വീട് നല്കിയാൽ അവര്‍ക്കുണ്ടാവുന്ന സംതൃപ്തി വിവരിക്കാനാവില്ല. സ്വന്തം മക്കളുമായി രാത്രിയില്‍ കതകടച്ച് സുരക്ഷിതമായി കിടക്കുമ്പോൾ അവർക്കു ലഭിക്കുന്ന സന്തോഷവും അതിന്റെ ആശ്വാസം അവർ ദൈവത്തോട് പങ്കുവയ്ക്കുന്ന നിമിഷവുമാണ് ജീവകാരുണ്യ പ്രവർത്തനത്തിന് ലഭിക്കുന്ന അനുഗ്രഹം. സഹായം ലഭിക്കുന്നവരുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥനയിലെ പുണ്യമാണ് ഏറ്റവും വലുതെന്നും ഗണേഷ്കുമാര് പറഞ്ഞു.
യുഎഇയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് , ബുർജീൽ ഹോൾഡിങ്സ് ക്ലിനിക്കൽ ഡയറക്ടർ ഡോ. പദ്മനാഭൻ , വിപിഎസ് ഗ്രൂപ്പ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണികൃഷ്ണൻ , ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയറാം റായ് , കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി , മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ , ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള , ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് സമീർ കല്ലറ , സെക്രട്ടറി റാഷിദ് പൂമാടം , ട്രഷറർ ഷിജിന കണ്ണൻ ദാസ് , വൈസ് പ്രെസിഡന്റ് റസാഖ് ഒരുമനയൂർ , ജോയിന്റ് സെക്രട്ടറി നിസാമുദ്ധീൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.