ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫൂഡ് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായി ഗൾഫൂഡ് കണക്കാക്കപ്പെടുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.യുഎഇയും ദുബായും ഭക്ഷ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വ്യാപാരം എന്നതിനൊപ്പം ഭക്ഷണം സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. ആരോഗ്യത്തിന്റെയും ജീവിത നിലവാരത്തിന്റെയും നിദാനവും ഭക്ഷണമാണ്. ലോകമെമ്പാടുമുള്ള ഭക്ഷ്യ മേഖലയിലെ വിദഗ്ധരെ ദുബായിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദർശനമായ ഗൾഫുഡിന്റെ മുപ്പതാം പതിപ്പിന് തിങ്കളാഴ്ചയാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായത്.’ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. 24 ഹാളുകളിലായി നടക്കുന്ന പ്രദർശനം ഈ മാസം 21 ന് സമാപിക്കും. സ്റ്റാർട്ടപ്പ് ഭക്ഷ്യ സംരംഭങ്ങൾ മുതൽ വൻ ബഹുരാഷ്ട്ര കമ്പനികൾ വരെ പ്രദർശകരിൽ ഉൾപ്പെടുന്നുണ്ട് . ആദ്യ ദിനത്തിൽ നടക്കുന്ന ‘ഫുഡ് 500 ഉച്ചകോടി’യിൽ സി.ഇ.ഒമാർ, രാഷ്ട്രത്തലവന്മാർ, വ്യാപാര ഉദ്യോഗസ്ഥർ, നിക്ഷേപകർ, അക്കാദമിക്-ശാസ്ത്ര പണ്ഡിതർ, ശാസ്ത്രജ്ഞർ, സാങ്കേതിക-നവീകരണ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു .
അന്താരാഷ്ട്ര വ്യാപാരം, നിക്ഷേപ തന്ത്രങ്ങൾ, പ്രവണതകൾ, വളർച്ചാ അവസരങ്ങൾ, എ.ഐ അധിഷ്ഠിത പരിവർത്തനം, നിയമ നിർമാണം, പരിസ്ഥിതി ആശങ്കകൾ, ആരോഗ്യം, ക്ഷേമം, ആഗോള ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ എന്നിവയെ കുറിച്ചുള്ള പ്രധാന വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.5 ദിവസങ്ങളിലായി 20 ബില്യൺ ഡോളറിന്റെ വ്യാപാര ഇടപാടുകൾ നടക്കുമെന്നാണ് പ്രതീക്ഷ.