ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് ഗ്രൂപ്പിന്റെ വൈസ് ചെയർമാനുമായ ഇന്ത്യൻ വ്യവസായി അനിസ് സാജൻ. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ആദ്യ സെമിഫൈനൽ മത്സരവും കാണാനുള്ള ടിക്കറ്റുകളാണ് അനിസ് നൽകുന്നത്. ഇതോടെ ഡാന്യൂബ് ഗ്രൂപ്പിന്റെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇന്ത്യ-പാക് മത്സരമുൾപ്പെടെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മുഴുവൻ മത്സരങ്ങളും കാണാൻ കഴിയും.യുഎഇയിൽ 3.7 ദശലക്ഷത്തിലധികം ഇന്ത്യക്കാരും ഏകദേശം 1.7 ദശലക്ഷം പാകിസ്ഥാനികളും താമസിക്കുന്നു, മത്സരങ്ങളുടെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ക്രിക്കറ്റ് ആരാധകർക്ക് പ്രത്യേകിച്ച് തൊഴിലാളികൾക്ക് ടിക്കറ്റ് ലഭിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന് ബോധ്യമായതുകൊണ്ടാണ് തൊഴിലാളികൾക്ക് സൗജന്യമായി ടിക്കറ്റുകൾ നൽകാൻ തീരുമാനിച്ചതെന്ന് അനിസ് സാജൻ പറഞ്ഞു.
ഡാന്യൂബ് ജീവനക്കാർക്ക് നാല് പ്രധാന മത്സരങ്ങൾക്ക് ഒരു മത്സരത്തിന് 60 ടിക്കറ്റുകൾ എന്ന തോതിൽ ലഭിക്കും.താൽപ്പര്യമുള്ള എല്ലാ തൊഴിലാളികൾക്കും തുല്യ അവസരം ഉറപ്പാക്കിക്കൊണ്ട് നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റുകൾ നൽകിയത്. ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള താത്പര്യമുള്ള തൊഴിലാളികളെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നു.
കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) പരിപാടിയുടെ ഭാഗമാണിതെന്നും കമ്പനി അധികൃതർ പറഞ്ഞു.തങ്ങളുടെ തൊഴിലാളികളിൽ പലരും കടുത്ത ക്രിക്കറ്റ് ആരാധകരാണ്.ഒരു അന്തർദേശിയ മത്സരം സ്റ്റേഡിയത്തിൽ കാണുക എന്നത് അവർക്ക് പലപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമാണ്. അവരുടെ ക്രിക്കറ്റ് ആരാധനാപാത്രങ്ങളെ നേരിൽ കാണുന്നത് ഒരു മറക്കാനാവാത്ത അനുഭവമായിരിക്കും. ആ സന്തോഷം അവർക്ക് നൽകുക എന്നതാണ് തന്റെ ലക്ഷ്യം’ അനിസ് സാജൻ വ്യക്തമാക്കി.സ്റ്റേഡിയത്തിൽ നിന്ന് ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിന് കമ്പനി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.