തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെ, ഗ്യാനേഷ്കുമാറിനെ തിടുക്കപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും തീരുമാനം കോടതിയെ അധിക്ഷേപിക്കലാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിശ്ചയിക്കാനുള്ള സമിതിക്ക് മുന്നിൽ താൻ നൽകിയ വിയോജനക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ കുറിപ്പ്. സുപ്രീം കോടതി ഇടപെടലിനെ കേന്ദ്ര സർക്കാർ ഭയക്കുന്നതിന്റെ തെളിവാണ് പെട്ടെന്നുള്ള നിയമനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കുറ്റപ്പെടുത്തി.
2023ലെ പുതിയ നിയമമനുസരിച്ച് നിയമിതനാകുന്ന ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കാനുള്ള സമിതിയിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിനുള്ള പട്ടിക രാഷ്ട്രപതിക്ക് കൈമാറാൻ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കണമെന്ന് 2023 മാർച്ചിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത്. പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ചേർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കേണ്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എന്നിവരുൾപ്പെട്ട സമിതി ഇന്നലെ യോഗം ചേർന്നു. നിയമന രീതിക്ക് എതിരായ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ യോഗം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം സ്വതന്ത്രമായിരിക്കണമെന്ന പൊതുവികാരത്തെ തള്ളുന്നതാണ് പുതിയ നിയമമെന്ന് കത്തിൽ രാഹുൽ ഗാന്ധി വിമർശിക്കുന്നു.
അരമണിക്കൂർ മാത്രം നീണ്ടുനിന്ന യോഗത്തിൽ പ്രതിപക്ഷ വിയോജിപ്പ് പൂർണമായും തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തീരുമാനിച്ചത്. വിവേക് ജോഷിയെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷറായും തിരഞ്ഞെടുത്തു. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് വിരമിക്കുന്ന ഒഴിവിലേക്ക് ഗ്യാനേഷ്കുമാർ നാളെ നിയമിതനാകും.1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആഗ്ര സ്വദേശിയായ ഗ്യാനേഷ് കുമാർ. കേരളത്തിൽ ധനകാര്യം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചു. 2012 മുതൽ ഡൽഹിയിലെ കേരള ഹൗസിന്റെ റസിഡൻ്റ് കമ്മീഷണർ ആയിരുന്നു. കേന്ദ്ര സർവീസിൽ പാർലമെന്ററികാര്യ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിൽ ജോയിൻ്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ ഗ്യാനേഷ്കുമാർ വഹിച്ചു.
2018 മുതൽ 2021 വരെ ആഭ്യന്തര മന്ത്രാലയത്തിൽ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനകാലം സംഭവബഹുലമായിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഗ്യാനേഷ് കുമാർ നിർണായക പങ്ക് വഹിച്ചു. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള ജമ്മു കശ്മീർ പുനസംഘടനാ ബിൽ തയാറാക്കിയത് ഗ്യാനേഷ് കുമാറാണ്. അത്രയും രഹസ്യാത്മകമായ ഒരു ദൗത്യം ഏൽപ്പിക്കാനും മാത്രം മോദി സർക്കാരിന് വിശ്വസ്ഥനായ ഉദ്യോഗസ്ഥൻ. രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതിലും ഗ്യാനേഷ് കുമാർ പ്രധാന പങ്കുവഹിച്ചു.
ഗ്യാനേഷ് കുമാർ 11 മാസമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗമാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോഴും കേന്ദ്രഭരണ പ്രദേശമായ ശേഷം ജമ്മു കശ്മീരിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോഴുമെല്ലാം ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. 2029 ജനുവരി 26 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുകയും ചെയ്യും. 2023ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന നിയമത്തിന് എതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്ന അതേദിവസം തന്നെയാണ് ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേൽക്കുക എന്നതും പ്രത്യേകതയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹർജികൾ പരിഗണിച്ചപ്പോൾ നിയമം സ്റ്റേ ചെയ്യാൻ കോടതി തയാറായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമം സ്റ്റേ ചെയ്യുന്നത് സ്ഥിതി അലങ്കോലമാക്കുമെന്നും അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നുമായിരുന്നു കോടതി നിരീക്ഷണം. ലോക്സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവു കൂടി അംഗമായ സമിതിയാണു നിയമനം നടത്തിയതെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.