പാതി വില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ്റെ അഭിഭാഷകയും കോൺഗ്രസ് നേതാവുമായ ലാലി വിൻസെന്റിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ഇഡി പരിശോധന പൂർത്തിയായി. 12 മണിക്കൂറോളം ഫ്ലാറ്റിൽ ചെലവഴിച്ച ഉദ്യോഗസ്ഥർ ലാലിയിൽ നിന്ന് വിശദമായി വിവരങ്ങൾ തേടി. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഒരുപാട് കാര്യങ്ങൾ ഇ ഡി ഉദ്യോഗസ്ഥർ ചോദിച്ചെന്ന് ലാലി വിൻസൻ്റ് പ്രതികരിച്ചു.
ഇ ഡി ഉദ്യോഗസ്ഥർ ഒരുപാട് വിവരങ്ങൾ ചോദിച്ചു. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചിരുന്നു. ഫീസ് ഇനത്തിൽ കിട്ടിയ 47 ലക്ഷം രൂപയുടെ വിവരങ്ങൾ നൽകി. തന്റെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല.കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്. തന്റെ സേവനത്തിനാണ് ഫീസ് വാങ്ങിയത്. എഗ്രിമെന്റ് തയ്യാറാക്കുന്നതിനും മറ്റുമാണ് ഫീസ് വാങ്ങിയത്. ബാങ്ക് സ്റ്റേറ്റുമെന്റുകളും മറ്റ് ചില രേഖകളും ഇ ഡി യ്ക്ക് കൈമാറി. തന്നെ അനന്ദു കൃഷ്ണൻ പറ്റിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് സംഘത്തെ ആണ് പ്രതീക്ഷിച്ചത്, പക്ഷെ വന്നത് ഇ ഡിയെന്നും അവർ വ്യക്തമാക്കി.അതേസമയം അനന്ദു കൃഷ്ണൻ്റെ അക്കൗണ്ടിലെ 2.35 കോടി രൂപ ഇ.ഡി മരവിപ്പിച്ചു. ജനസേവ സമിതിയുടെ അക്കൗണ്ടിലെ 1.69 കോടി രൂപ മരവിപ്പിച്ചു. ലാലി വിൻസൻ്റിൻ്റെ അക്കൗണ്ടിലെ 1 ലക്ഷത്തോളം രൂപയും മരവിപ്പിച്ചു.അനന്തു കൃഷ്ണനിൽ നിന്നും പണം കൈപ്പറ്റിയവർക്ക് പിന്നാലെയാണ് ഇഡി. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വിനിയോഗിച്ചത് എങ്ങനെയെന്ന് കണ്ടത്തുകയാണ് ലക്ഷ്യം. കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണം കടത്തൽ എന്നിവ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.കെ.എൻ.ആനന്ദകുമാറിൻ്റെ വീട്, ഓഫിസ് എന്നിവിടങ്ങളിൽ നിന്നും നിരവധി രേഖകൾ പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ എൻജിഒ കോൺഫെഡറേഷനുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങളും രജിസ്ട്രേഷൻ രേഖകളും ഉണ്ടായിരുന്നു.രേഖകൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കും. ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കൾക്കും നോട്ടീസ് നൽകും. കേസിലെ ഭൂരിഭാഗം രേഖകളും പൊലീസിന്റെയും ക്രൈംബ്രാഞ്ചിൻ്റെയും കൈവശമാണ്. രേഖകൾ ക്രൈംബ്രാഞ്ച് സ്വമേധയാ നൽകാത്ത പക്ഷം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇഡി.