യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ശശി തരൂരിന് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകളാണ്. വ്യവസായരംഗത്ത് കേരളത്തില്‍ മാറ്റം തുടങ്ങിയത് 1991 ലാണെന്നും മുന്‍വ്യവസായമന്ത്രി കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക് ഇനുകൂലമായ നയമല്ല ഒരു കാലത്തും ഇടത് സര്‍ക്കാരുകളുടേത്. കരുണാകരന്റെ നേതൃത്വത്തിലുള്ള, താന്‍ വ്യവസായമന്ത്രിയായ സര്‍ക്കാര്‍ മുതലാണ് ഈ രംഗത്ത് മാറ്റത്തിനു വേണ്ടിയുള്ള വലിയ ശ്രമങ്ങള്‍ തുടങ്ങിയത്. ആ സര്‍ക്കാര്‍ ഈ ലക്ഷ്യം വെച്ചുള്ള വ്യവസായ നയം കൊണ്ടു വന്നു. ക്രിന്‍ഫ്ര എന്ന പരീക്ഷണം ആരംഭിച്ചു. പില്‍ക്കാലത്ത് കേരളത്തില്‍ വന്ന വ്യവസായങ്ങളില്‍ 90 ശതമാനവും കിന്‍ഫ്ര പാര്‍ക്കിനകത്താണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ”ടി.വി തോമസിന്റെയും അച്യുതമേനോന്റെയൊക്കെ ആ കാലം കഴിഞ്ഞാല്‍ പിന്നീട് കേരളത്തില്‍ വ്യവസായ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായത് കിന്‍ഫ്ര പാര്‍ക്കുകളാണ്. ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസിപ്പിക്കണമെന്ന ഇച്ഛാശക്തിയോടെ ആ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങി. പില്‍ക്കാലത്ത് കേരളത്തില്‍ വന്ന വ്യവസായങ്ങളില്‍ 90 ശതമാനവും കിന്‍ഫ്ര പാര്‍ക്കിന് അകത്താണ്. വിമാനത്താവളത്തിനുള്ള ഭൂമി അക്വയര്‍ ചെയ്തതു പോലും കിന്‍ഫ്രയാണ്. പിന്നീട് ഇടതു സര്‍ക്കാര്‍ വന്നപ്പോഴും കിന്‍ഫ്രയാണ് അടിസ്ഥാനപരമായി നിലകൊണ്ടത്.
പല ലോകോത്തര ആശയങ്ങളും കൊണ്ടു വന്നത് ആന്റണി സര്‍ക്കാരാണ്. കുറുക്കന്‍ മേഞ്ഞിരുന്ന കാക്കനാട്, ആന്റണി സര്‍ക്കാരിന്റെ കാലത്ത് കൊച്ചി ഐടിയുടെ ഡെസ്റ്റിനേഷനാക്കണമെന്ന ഉദ്ദേശത്തോടെ സമയബന്ധിതമായി ഇന്‍ഫോ പാര്‍ക്ക് അടക്കം നിര്‍മ്മിച്ചു. ലോകപ്രശസ്തമായ അക്ഷയ ആരംഭിച്ചു. ഡിജിറ്റല്‍ കേരളം ആയതു തന്നെ അക്ഷയ മൂലമാണ്. കിന്‍ഫ്ര പാര്‍ക്കുകള്‍ അടക്കം, അടിസ്ഥാനപരമായി കേരളത്തിന്റെ വ്യവസായ മേഖലയില്‍ വമ്പിച്ച മാറ്റം കൊണ്ടു വന്നത് യുഡിഎഫ് സര്‍ക്കാരുകളാണ്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ക്വാളിഫൈഡ് ആയ എന്‍ജിനീയര്‍മാര്‍ വേണം. അതിനുള്ള ശ്രമം നടത്തിയതും യു.ഡി.എഫ് ആണ്. സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ രക്തരൂക്ഷിത സമരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്നും ഓര്‍മയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയ വിമര്‍ശനം പറയേണ്ട വേദിയില്‍ പറയും. ശശി തരൂര്‍ ഇന്ന് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അതില്‍ യു.ഡി.എഫ് സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ സാഹചര്യം ലീഗ് ഗൗരവത്തോടെയാണ് കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായരംഗത്തെ അനുമോദിച്ചുള്ള പ്രതികരണം. ഇതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.