ഓർമ’ സാഹിത്യോത്സവത്തിന് നാളെ ശനിയാഴ്ച ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ തിരി തെളിയും. മലയാളത്തിന്റെ വിവിധ സാഹിത്യ, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നുള്ളവർ മൂന്നു വേദികളിലായി നടക്കുന്ന 20 ലേറെ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യും. വാഗ്മിയും സാംസ്‌കാരിക പ്രവർത്തകനുമായ സുനിൽ. പി. ഇളയിടം, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ അതിഥികളായിരിക്കും. യു എ ഇ യിലെ വിവിധ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ പ്രതിനിധീകരിച്ച് 90 പേരും പങ്കെടുക്കും. കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫൊട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി സമസ്തമേഖലകളെയും സംബന്ധിച്ച വിവിധ വിഷയങ്ങൾ രണ്ടു ദിവസങ്ങളിൽ ചർച്ച ചെയ്യും. കുട്ടികൾക്കായി പ്രത്യേകം സാംസ്‌കാരിക വേദിയും ഒരുക്കിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്. റജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. 16 ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ സാഹിത്യോത്സവം സമാപിക്കും. സമാപന സമ്മേളനത്തിൽ ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം ജേതാക്കൾക്ക് സമ്മാനിക്കും.