പ്രധാനമന്ത്രി ആവാസ് യോജന (അർബൻ 2) പരിഷ്കരിച്ച് നടപ്പാക്കുന്ന സമഗ്ര ഭവന പദ്ധതിയിൽ കേരളം ഇതുവരെ ധാരണാപത്രം ഒപ്പു വച്ചിട്ടില്ലെന്ന് കേന്ദ്രം. രാജ്യത്തെ ഒരു കോടി കുടുംബങ്ങൾക്ക് വീട് നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ നിബന്ധനകൾ സംസ്ഥാന സർക്കാരുകളുമായും ഭവന നിർമാണ രംഗത്തെ വിവിധ ഏജൻസികളുമായും ചർച്ച ചെയ്താണ് ആവിഷ്കരിച്ചത്.കേരളത്തിൽ 5 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി 29 ധാരണപത്രങ്ങൾ പദ്ധതിക്കായി ഒപ്പുവച്ചു. എന്നാൽ, കേരളം നാളിതുവരെ ഒപ്പുവച്ചിട്ടില്ല. കേരളത്തിലെ അർഹതപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വീട് നൽകുന്ന തരത്തിൽ നിബന്ധനകൾക്ക് മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രം.ശബരി റെയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റെയിൽവേ മന്ത്രി സംസ്ഥാന സർക്കാർ പ്രതിനിധികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കണമെന്നു ജെബി മേത്തർ എംപി ആവശ്യപ്പെട്ടു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ദേശീയപാത 66ലെ കൊടുങ്ങല്ലൂർ ബൈപാസ് സിഐ ഓഫിസ് പരിസരത്തു വർധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി അടിപ്പാത നിർമിക്കണമെന്നു ബെന്നി ബഹനാൻ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ആവശ്യപ്പെട്ടു.