രണ്ടാമത് ഓർമ ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. കഥാ വിഭാഗത്തിൽ ഹുസ്നാ റാഫി രചിച്ച ഇന്തോളചരിതം ഒന്നാം സ്ഥാനവും വെള്ളിയോടന്റെ പിര രണ്ടാം സ്ഥാനവും നേടി .യാത്രാവിവരണം വിഭാഗത്തിൽ സുധീഷ് കുമാർ രചിച്ച ഫൈലച്ച എന്ന കുവൈത്ത് നഗരം ഒന്നാം സ്ഥാനവും എം. ഓ. രഘുനാഥ് രചിച്ച അഗ്നി ഭൂമിയിലൂടെ ഒരു യാത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ മാസം 15 , 16 തീയതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമിയിൽ നടക്കുന്ന ഓർമ സാഹിത്യോത്സവം ( ഓഎൽഎഫ് 2025 ) സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ , എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും. സാഹിത്യ അക്കാദമി ഭരണ സമിതി അംഗം വി. എസ്. ബിന്ദു , നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി. ആർ. ഇന്ദുഗോപൻ , എഴുത്തുകാരൻ എസ്. ആർ. ലാൽ എന്നിവരടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തിയത് . കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ മരണമടഞ്ഞ ഓർമ സെൻട്രൽ കമ്മറ്റി അംഗം, സാഹിത്യവിഭാഗം കൺവീനർ , ക്വിസൈസ് മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥമാണ് സാഹിത്യ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.