ദുബായിൽ കഴിഞ്ഞ വർഷം അമ്പതിടത്ത് ഗതാഗത നവീകരണം നടത്തിയതായി ആർടിഎ അറിയിച്ചു.ഇതോടെ ഇ 311, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലെ യാത്രാ സമയം 10 മിനിറ്റിൽ നിന്ന് 4 മിനിറ്റായി കുറയ്ക്കാൻ സാധിച്ചുവെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന വ്യക്തമാക്കി. 60 ശതമാനത്തിന്റെ പുരോഗതിയാണ് ഉണ്ടായത്. ഈ മെച്ചപ്പെടുത്തലുകൾ പല മേഖലകളിലും റോഡ് ശേഷി 20 ശതമാനം വരെ വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം ഗതാഗതക്കുരുക്ക് മൂലം 35 മണിക്കൂർ വരെ നഷ്ടമായ ഡ്രൈവർമാർക്ക് പുതിയ മാറ്റങ്ങൾ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ആർടിഎയുടെ യുടെ സമീപകാല പദ്ധതികൾ പ്രധാന റോഡുകളുടെ വികസനം, ഇന്റർസെക്ഷൻ നവീകരണം, സ്കൂൾ സോൺ മെച്ചപ്പെടുത്തൽ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.അൽ റെബാറ്റ് സ്ട്രീറ്റിലേക്ക് നയിക്കുന്ന എക്സിറ്റ് 55 ന്റെ വിപുലീകരണമാണ് ഏറ്റവും ഫലപ്രദമായ പദ്ധതികളിലൊന്ന്, അവിടെ പാതകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി ഉയർത്തി. ഈ 600 മീറ്റർ വിപുലീകരണം റോഡിന്റെ ശേഷി മണിക്കൂറിൽ 4, 500 വാഹനങ്ങളായി ഉയർത്തുകയും യാത്രാ സമയം 10 മിനിറ്റിൽ നിന്ന് 4 മിനിറ്റായി ചുരുക്കുകയും ചെയ്തു.
കൂടാതെ, നാദ് അൽ ഷെബയിൽ, മെയ്ദാൻ സ്ട്രീറ്റിൽ നിന്ന് ഒരു പുതിയ എൻട്രിയും എക്സിറ്റും നിർമിക്കുകയും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിലെയും നാദ് അൽ ഷെബ സ്ട്രീറ്റിലെയും രണ്ട് കവലകളെ ഒരു റൗണ്ട് എബൗട്ടാക്കി മാറ്റുകയും ചെയ്തു. ഈ മെച്ചപ്പെടുത്തലുകൾ ഗതാഗതം സുഗമമാക്കുകയും പ്രദേശത്തേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും തിരക്ക് കുറയ്ക്കുകയും ചെയ്തു.
“ബെയ്റൂട്ട് സ്ട്രീറ്റിന്റെ വീതികൂട്ടൽ, അൽ ഖവാനീജ് സ്ട്രീറ്റിന്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിന്റെയും കവലയിലെ നവീകരണം, അൽ റിബാറ്റ് സ്ട്രീറ്റിൽ നിന്ന് ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള ലെയ്ൻ വിപുലീകരണം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള എക്സിറ്റ് വിപുലീകരണം, അൽ റിബാത്ത് സ്ട്രീറ്റിലേക്കുള്ള ഖാദാൻ സ്ട്രീറ്റ്, അൽ റിബാത്ത് സ്ട്രീറ്റിലേക്കുള്ള ലിങ്ക്, ഖാദാൻ സ്ട്രീറ്റ്, അൽ റിബാത്ത് സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ഹുസൈൻ അൽ ബന്ന വിശദീകരിച്ചു.
സ്കൂൾ മേഖല മെച്ചപ്പെടുത്തൽ
2024-ൽ, ദുബായിലുടനീളമുള്ള 37-ലധികം സ്കൂളുകളെ ഉൾപ്പെടുത്തി എട്ട് സ്കൂൾ ട്രാഫിക് മെച്ചപ്പെടുത്തൽ പദ്ധതികളും ആർടിഎ പൂർത്തിയാക്കി.ഈ പദ്ധതികളിൽ സ്കൂൾ സോണുകൾക്ക് ചുറ്റുമുള്ള റോഡുകൾ വീതികൂട്ടൽ, അധിക പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ടിക്കൽ, എൻട്രി, എക്സിറ്റ് പോയിന്റുകൾ വർദ്ധിപ്പിക്കൽ, തിരക്ക് ലഘൂകരിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ട്രാഫിക് വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അൽ സഫ, അൽ വർഖ 4, അൽ ഖുസൈസ്, അൽ മിസ്ഹാർ, നാദ് അൽ ഷെബ, അൽ ത്വാർ 2 എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കൊപ്പം ഉമ്മു സുഖീം സ്ട്രീറ്റിലെ കിംഗ്സ് സ്കൂൾ, ദി ഇന്റർനാഷണൽ സ്കൂൾ ഓഫ് ചൗഇഫാത്ത്, ഹെസ്സ സ്ട്രീറ്റിലെ ദുബായ് കോളേജ് എന്നിവക്കും ഈ മെച്ചപ്പെടുത്തലുകളുടെ പ്രയോജനം ലഭിച്ചു. ഈ മെച്ചപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, 2025-ൽ 75 അധിക ട്രാഫിക് മെച്ചപ്പെടുത്തൽ പദ്ധതികൾ നടപ്പിലാക്കാൻ ആർടിഎക്ക് പദ്ധതിയുണ്ട്.