ആലപ്പുഴയിൽ അംഗവൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം നടത്തും. ആലപ്പുഴ എംപി കെസി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് നടത്തി അന്വേഷണത്തിൽ രണ്ട് ഡോക്ടർമാർക്ക് താക്കീത് നൽകിയിരുന്നു.ആശുപത്രികൾക്കായി വിവിധ പദ്ധതികൾ വഴി കൃത്യമായ തുക നീക്കിവച്ചിട്ടും പൊതുജനങ്ങൾക്ക് ഗുണം ലഭിക്കുന്നില്ല. ചികിത്സ ഉറപ്പാക്കാത്തതിന് പിന്നിൽ സ്വകാര്യ സ്കാനിങ് സെന്ററുകളും സർക്കാർ ഡോക്ടറാമാരും അടങ്ങുന്ന ലോബി പ്രവൃത്തിക്കുന്നുണ്ടെന്നും പാര്ലമെന്റിൽ കെസി വേണുഗോപാൽ എംപി പറഞ്ഞു. സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്നും കേസിന്റെ വിവരങ്ങൾ കൈമാറാനും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ പറഞ്ഞു. നിലവിൽ കുഞ്ഞ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ കഴിയുകയാണ്.നവംബർ എട്ടിനാണ് ആലപ്പുഴ ആലപ്പുഴ സക്കറിയ ബസാർ സ്വദേശികളായ അനീഷ് സുറുമി ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർക്ക് കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് വലിയ രീതിയിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.പരാതിയിൽ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റുമാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.