അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാരം ശനിയാഴ്ച (dec 28) നിഗംബോധ്ഘട്ടിൽ. രാവിലെ 11.45ന് പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികൾ നൽകുന്നതുൾപ്പെടെ സജ്ജീകരണങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രതിരോധ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.രാവിലെ 8ന് എഐസിസി ആസ്ഥാനത്തു ഭൗതിക ശരീരം പൊതുദർശനത്തിനു വയ്ക്കും. 9.30ന് ഇവിടെ നിന്നാകും വിലാപയാത്ര ആരംഭിക്കുക. അന്ത്യയാത്രയ്ക്കു മുന്നോടിയായി ഭൗതികശരീരത്തിൽ ദേശീയ പതാക പുതപ്പിക്കും. ബഹുമാനസൂചകമായി 21 ഗൺസല്യൂട്ടുണ്ടാകും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.രാജ്യത്ത് ഒരാഴ്ചത്തേക്കു സർക്കാർ പരിപാടികളുണ്ടാവില്ല. ആദര സൂചകമായി ശനിയാഴ്ച ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.വ്യാഴാഴ്ച രാത്രി 9.50ന് ഡൽഹിയിലെ എയിംസിലായിരുന്നു മൻമോഹന്റെ അന്ത്യം. പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 10 വർഷമായി താമസിക്കുന്ന മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. രാത്രി തന്നെ വസതിയിലെത്തിച്ച ഭൗതിക ശരീരത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരും കേന്ദ്ര മന്ത്രിമാരുമടക്കം അന്തിമോപചാരം അർപ്പിച്ചിരുന്നു.വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം മൻമോഹന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രണ്ടു മിനിറ്റ് മൗനമാചരിച്ച യോഗം ഏഴു ദിവസം രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു.