ദുബായിലെ താമസക്കാർക്ക് ഇനി മുതൽ യാത്രകൾക്ക് ബസ് പൂൾ സമ്പ്രദായം ഉപയോഗിക്കാമെന്ന് ദുബായ് ആർടിഎ അറിയിച്ചു. ഇതിനായി സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. തുടക്കത്തിൽ ദേരയിൽ നിന്ന് ബിസിനസ് ബേ, ദുബായ് മാൾ, മിർദിഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ സെൻട്രൽ ബിസിനസ്സ് ജില്ലകളുമായി ബന്ധിപ്പിച്ച് ഇത് നടപ്പാക്കാനാണ് തിരുമാനം.എമിറേറ്റിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ക്രമേണ ഈ സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി. യാത്രാ ദൂരവും സേവനത്തിനുള്ള ഡിമാൻഡും അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിക്കും. യാത്രക്കാർക്ക് പ്രതിദിന, പ്രതിവാര, പ്രതിമാസ യാത്രകൾ തെരഞ്ഞെടുക്കാൻ സാധിക്കും. 13 മുതൽ 30 പേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനങ്ങളാണ് ഇതിനായി സജ്ജമാക്കുന്നത്.
പൊതു ബസുകളിൽ നിന്ന് വ്യത്യസ്തമായി നിശ്ചിത റൂട്ടുകളില്ലാതെയാണ് ഇവ സർവീസ് നടത്തുന്നതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാൻ പറഞ്ഞു.സിറ്റിലിങ്ക് ഷട്ടിൽ, ഡ്രിവൺ ബസ്, ഫ്ലക്സ് ഡെയ്‌ലി എന്നീ മൂന്ന് സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെ ബുക്ക് ചെയ്യാം. ഓരോ കമ്പനിയും ആപ്പുകൾ വഴി 20 മിനിബസുകൾ പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്ന് അഹമ്മദ് ഹാഷിം ബഹ്‌റോസിയാൻ കൂട്ടിച്ചേർത്തു.