അമേരിക്കന്‍ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേരീതിയിൽ പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.‘ അവർ നമുക്കുമേൽ നികുതി ഏർപ്പെടുത്തിയാൽ യുഎസും അതേ രീതിയിൽ നികുതി ഏർപ്പെടുത്തും’’–ട്രംപ് പറഞ്ഞു. ഇന്ത്യയും, ബ്രസീലും അമേരിക്കൻ ഉൽപന്നങ്ങൾക്ക് വലിയ നികുതി ഈടാക്കുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.നീതിയാണ് പ്രധാനം. യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ 100% തീരുവ ചുമത്തുകയാണെങ്കിൽ, പകരം യുഎസും അത് തന്നെ ചെയ്യുമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഎസിനെ എങ്ങനെ സമീപിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും യുഎസിന്റെയും സമീപനമെന്ന് നിയുക്ത വ്യാപാരകാര്യ സെക്രട്ടറിയും വ്യക്തമാക്കി.