കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യകാലം തുടരുന്നു .ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില 0 ഡിഗ്രി സെൽഷ്യസിന് താഴെയായി. പഞ്ചാബ്, ഹരിയാന, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന ഭാഗങ്ങളിൽ 0-6 ഡിഗ്രി സെൽഷ്യസ് ആണ് താപനില. മധ്യപ്രദേശിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ, കിഴക്ക്, മധ്യ, പടിഞ്ഞാറൻ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിലും കുറഞ്ഞ താപനില 6-12 ഡിഗ്രി സെൽഷ്യസാണ്.കേരളത്തിലെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു പൊതുവെ തണുപ്പ് കൂടിയ നിലയിലാണ്. തെക്കൻ ജില്ലകളിൽ കുറഞ്ഞു. മൂന്നാറിൽ താപനില വീണ്ടും കുറഞ്ഞിരിക്കുകയാണ്. 8.7 ഡിഗ്രി സെൽഷ്യസ്. കുണ്ടല ഡാമിൽ 7 ഡിഗ്രി സെൽഷ്യസ്, കുപ്പാടി–11.5, വട്ടവട– 11.6. കബനിഗിരി–11.9 എന്നിങ്ങനെയാണ് കണക്ക്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസവും ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലായിരുന്നു. രാജ്യത്തു ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിലായിരുന്നു( 36.3°c). കഴിഞ്ഞ വർഷവും സമാന സ്ഥിതിയായിരുന്നു.