അബുദാബി : അബുദാബി പൊലീസ് ഫാമിലി ഡെവലപ്‌മെന്റ് ആൻഡ് സോഷ്യൽ സപ്പോർട്ട് സെന്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി “എ സ്റ്റേബിൾ ഫാമിലി എ ബാലൻസിഡ് കമ്മ്യൂണിറ്റി” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. കോവിഡിന് മുമ്പും ശേഷവും നൽകി വരുന്ന സേവനങ്ങൾ വിശദീകരിച്ചു.
സാങ്കേതിക വിദ്യയും ടെലിഫോൺ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
സോഷ്യൽ സപ്പോർട്ട് സെന്റർസ് അഡ്മിനിസ്ട്രേഷനിലെ അബുദാബിയിലെ സോഷ്യൽ സപ്പോർട്ട് സെന്റർ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. സുൽത്താൻ ഖൽഫാൻ അൽ യഹിയാഹി നിരവധി രോഗികളുമായി സ്മാർട്ട് ആപ്ലിക്കേഷനുകൾ, ഫോണുകൾ എന്നിവ വഴി ആശയവിനിമയം നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. നിരവധി കുടുംബ കലഹങ്ങൾ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ പരിഹരിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ സപ്പോർട്ട് കേന്ദ്രങ്ങൾ പ്രതിവർഷം 6,000 കേസുകൾ കൈകാര്യം ചെയ്യുന്നു. കുടുംബ സ്ഥിരതയാണ് കമ്മ്യൂണിറ്റി ഐക്യത്തെ പിന്തുണയ്ക്കുന്നതിന്റെ നട്ടെല്ലെന്ന് ഫാമിലി ഡെവലപ്മെൻറ് ഫൗണ്ടേഷന്റെ ഫാമിലി ഗൈഡൻസ് ആൻഡ് കൺസൾട്ടേഷൻ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. വഫാ മുഹമ്മദ് അൽ അലി പറഞ്ഞു.
കുടുംബ സ്ഥിരത ഉറപ്പാക്കാൻ യുഎഇ നേതൃത്വം ആവശ്യമായ പിന്തുണ നൽകിവരുന്നുണ്ട്. കുടുംബങ്ങൾക്ക് കൺസൾട്ടേഷനുകൾ നൽകുന്നതിനായി കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രതിദിനം 12 മണിക്കൂറായി നീട്ടിണ്ടെന്നും അറിയിച്ചു.