പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമത്തിയത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.എന്നാൽ ഇതേസമയം തന്നെ കേസ് തള്ളമെന്ന ഹർജി ഉച്ചഭക്ഷണത്തിന് പിരിയുന്നതിനു മുൻപ് പരിഗണിക്കണം എന്ന് അല്ലു അർജുന്റെ അഭിഭാഷകൻ തെലങ്കാന ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തിങ്കൾ വരെ അറസ്റ്റ് തടയണമെന്നും അഭിഭാഷകൻ കോടതിയിൽ അപേക്ഷിച്ചു. പൊലീസുമായി സംസാരിച്ചതിന് ശേഷം 2.30ന് മറുപടി പറയാമെന്ന് അഡീഷണൽ പബ്ലിക് പ്രോസക്യൂട്ടർ അഭിഭാഷകനെ അറിയിച്ചു. അല്ലു അർജുനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ശേഷം നാമ്പള്ളി കോടതിയിൽ ഹാജരാക്കും.അല്ലുവിന്റെ അറസ്റ്റിനെ എതിർത്തുകൊണ്ട് ബി ആർ എസ് രംഗത്തെത്തിയിരുന്നു. നടക്കുന്നത് പൊലീസിന്റെ ഏകപക്ഷീയ നടപടി എന്നാണ് കെ ടി രാമറാവുവിന്റെ പ്രതികരണം. ദുരന്തത്തിന് നടൻ എങ്ങനെ ഉത്തരവാദി ആകുമെന്നും കെ ടി ആർ ചോദിച്ചു.
ജൂബിലി ഹില്‍സിലെ അല്ലുവിന്റെ വീട്ടിലെത്തിയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലായിരുന്നു സംഭവം നടന്നത്. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയുമായിരുന്നു. തിയേറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞു വീണു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണത്തില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്റെ ഉടമകളില്‍ ഒരാള്‍, സീനിയര്‍ മാനേജര്‍, ലോവര്‍ ബാല്‍ക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.