നടൻ ദിലീപിന്റെയും സംഘത്തിന്റെയും ശബരിമലയിലെ വിഐപി ദർശനത്തിൽ വീണ്ടും കടുത്ത നിലപാടുമായി ഹൈക്കോടതി. ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് ഗൗരവകരമാണെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും ഹൈക്കോടതി ചോദിച്ചു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ വിമർശനം. ആദ്യ നിരയിലെ എല്ലാ ഭക്തരെയും ദിലീപിന് വേണ്ടി തടഞ്ഞുവെന്നും ഇത് എങ്ങനെ അനുവദിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. മറ്റ് ഭക്തരെ തടഞ്ഞ് ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും മറ്റ് ഭക്തർക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന് മനസിലായിയെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ എന്ത് നടപടിയെടുത്തുവെന്നും ഹൈക്കോടതി ചോദിച്ചു. നടന് പൊലീസ് യാതൊരു പ്രത്യേക പരിഗണനയും ചെയ്തുനൽകിയിട്ടില്ലെന്നും ദേവസ്വം ഗാർഡുകളാണ് വേണ്ടതെല്ലാം ചെയ്തുകൊടുത്തതെന്നുമുള്ള റിപ്പോർട്ട് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. സന്നിധാനം സ്പെഷ്യൽ ഓഫീസർ പി ബിജോയ് ആണ് റിപ്പോർട്ട് സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹരിവരാസനത്തിനായി നട അടയ്ക്കുന്നതിന് അൽപ്പ സമയം മുൻപ് ദേവസ്വം ഓഫീസർമാരുമൊത്ത് മാത്രമാണ് ദിലീപ് എത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. ഒപ്പം ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനും മകനും ഉണ്ടായിരുന്നു. ദേവസ്വം ഗാർഡുമാരാണ് ദിലീപിനെ മുൻപിലേക്ക് കയറ്റിനിർത്തിയത്. പൊലീസിനല്ല, സോപാനം സ്പെഷ്യൽ ഓഫിസർക്കാണ് ഇവിടെ ചുമതല എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.