ദുബായ് ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജനുവരി 5 വരെ നീളുന്ന ആഘോഷ പരിപാടികളിൽ സാന്തയും ചങ്ങാതിമാരും വിരുന്നെത്തും. മഞ്ഞുകാലത്തെ അനുസ്മരിപ്പിച്ചു ഗ്ലോബൽ വില്ലേജിന്റെ രൂപവും ഭാവവും മാറും. കുട്ടികൾക്കു മഞ്ഞിൽ കളിക്കാം.21 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീ ദീപാലംകൃതമായി. കാൻഡി കെയിൻസും വലിയ കുമിളകളും ക്രിസ്മസ് ട്രീക്കു ചാരുത നൽകും. സന്ദർശകർക്കായി പ്രത്യേക ഉത്സവ കൗണ്ടറും ഒരുക്കി. ഇവിടെ നിന്ന് മനോഹര ക്രിസ്മസ് സമ്മാനങ്ങൾ ഉറ്റവർക്കായി വാങ്ങാം. ബഹിരാകാശ യാത്രകൾ സ്വപ്നം കാണുന്നവർക്കായി ഒരുക്കിയിരിക്കുന്ന എക്സോ പ്ലാനറ്റ് സിറ്റിയും ഗ്ലോബൽ വില്ലേജിൽ ഒരുങ്ങി. ഇൻഫിനിറ്റി മിറർ മേയ്സ്, ഗ്രാവിറ്റി വോർടെക്സ്, 5ഡി സിനിമ, ഗാലക്സി ഹണ്ടർ തുടങ്ങിയവയാണ് പ്ലാനറ്റ് സിറ്റിയിലെ പ്രധാന കാഴ്ചകൾ.
∙ ഗായകൻ അൽ ഷാമി പാടും 22ന്
ദുബായ് ∙ ലോകമെമ്പാടും ആരാധകരുള്ള സിറിയൻ ഗായകൻ അൽ ഷാമി ഗ്ലോബൽ വില്ലേജിൽ സംഗീത പരിപാടിയുമായി എത്തുന്നു. 22ന് വൈകുന്നേരം 8ന് ആണ് പരിപാടി. അറബിക് പാശ്ചാത്യ സംഗീതത്തെ സമന്വയിപ്പിച്ചുള്ള ഷാമിയുടെ പാട്ടുകൾക്ക് യുവതലമുറയിൽ ആരാധകർ ഏറെയാണ്.