ദുബായ് ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി പാലവുമായി ബന്ധിപ്പിക്കുന്ന പുതിയ മൂന്നു വരി പാലം ഗതാഗതത്തിന് വേണ്ടി തുറന്നുകൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർ സെക്ഷൻ മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽകൺ ഇന്റർചേഞ്ച് വരെയുള്ള ഷെയ്ഖ് റാഷിദ് റോഡിൽ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഷിന്ദഗ ടണൽ മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിലുൾപ്പെട്ടതാണ് ഈ പാലമെന്നും ആർടിഎ വാർത്താ കുറിപ്പിൽ പറഞ്ഞു.മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൊത്തം 3.1 കിലോമീറ്റർ നീളമുള്ള മൂന്ന് പാലങ്ങളുടെ നിർമാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ 71 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്. അൽ മിന ഇന്റർ സെക്ഷനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഷെയ്ഖ് റാഷിദ് റോഡിലെ രണ്ടാമത്തെ പാലം അടുത്ത വർഷം ജനുവരി ആദ്യ പകുതിയിൽ തുറക്കും.
പുതിയ പാലം ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഇൻഫിനിറ്റി പാലത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുമെന്നും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ നിന്നാരംഭിച്ച് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റിന്റെ അൽ മിന സ്ട്രീറ്റിലൂടെയുള്ള കവല വരെ ഇൻഫിനിറ്റിയിലേക്ക് ഇത് തുടരുന്നുവെന്നും ആർടിഎ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു.
പുതിയ മൂന്ന് പാലങ്ങൾ
1,335 മീറ്റർ നീളമുള്ള ആദ്യ പാലം ഓരോ ദിശയിലും മൂന്ന് വരികൾ വീതമുള്ളതാണ്. ഇതിന്റെ നിർമാണം പൂർത്തിയാവുന്നതോടെ ഷെയ്ഖ് റാഷിദ് റോഡിനും ഫാൽകൺ ഇന്റർ ചേഞ്ചിനുമിടയിൽ ഗതാഗതം സുഗമമാവുകയും ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങളുടെ ശേഷി മണിക്കൂറിൽ 10,800 ആയി വർദ്ധിക്കുകയും ചെയ്യും.
ഫാൽകൺ ഇന്റർ ചേഞ്ചിൽ നിന്ന് അൽ വസൽ റോഡിലേക്ക് മണിക്കൂറിൽ 5,400 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രണ്ടാമത്തെ പാലം 780 മീറ്റർ നീളത്തിൽ മൂന്ന് വരികളുള്ളതാണ്. 985 മീറ്റർ നീളത്തിൽ രണ്ട് വരികൾ ഉള്ള മൂന്നാമത്തെ പാലം ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്ക് ഫാൽകൺ ഇന്റർ ചേഞ്ചിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നു. ഇതിലൂടെ മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും അൽ തായർ വ്യക്തമാക്കി.