ദുബായ്: നഗരത്തിലെ മാളിലുള്ള സിനിമാ തിയേറ്ററിൽ നിന്ന് കളഞ്ഞുകിട്ടിയ 17,000 ദിർഹം പോലീസിനെയേൽപ്പിച്ച എട്ട് വയസുകാരിക്ക് ദുബായ് പോലീസിന്റെ ആദരം. ഈജിപ്ഷ്യൻ ബാലികയായ ലിലി ജമാൽ റമദാനെയാണ് പോലീസ് ആദരിച്ചത്.മാതാപിതാക്കൾ സിനിമാ ടിക്കറ്റുകൾ വാങ്ങാൻ പോയപ്പോഴാണ് 17,000 ദിർഹം ആരോ മറന്നുവെച്ചതായി കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ മാതാപിതാക്കളെ വിവരം അറിയിക്കുകയും കുടുംബത്തോടൊപ്പം അൽ റാഷിദിയ പോലീസ് സ്റ്റേഷനിലെത്തി പണം പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു.പണത്തിന്റെ ഉടമ എ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നു. മുഴുവൻ തുകയും തിരികെ ലഭിച്ചതിൽ അദ്ദേഹംകുട്ടിക്കും കുടുംബത്തിനും നന്ദി പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ പുലർത്തിയ സത്യസന്ധതക്കും ജാഗ്രതക്കുമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ എക്സ്പെർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂരി ലിലിയെ ആദരിച്ചത്.
കുടുംബത്തിന് മുന്നിൽ പെൺകുട്ടിയെ അംഗീകരിക്കുന്നത് മറ്റുള്ളവർക്ക് അവളുടെ മാതൃക പിന്തുടരാൻ പ്രചോദനമാവുമെന്ന് ഖലീൽ ഇബ്രാഹിം അൽ മൻസൂരി കൂട്ടിച്ചേർത്തു.