ദുബായ്: രാജ്യത്തിന്റെ ഉയർച്ചയ്ക്കൊപ്പം അവിടത്തെ സ്വദേശികളും വിദേശികളും ആയ ജനജീവിതത്തേയും ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച മാതൃകയാണ് യു.എ.ഇ. എന്ന രാജ്യം.അത് കൊണ്ട് തന്നെ ഈ രാജ്യത്തിന്റെ ദേശീയദിനം ലോകമാകെ വളരെയധികം സന്തോഷത്തോടെയാണ് കൊണ്ടാടിവരുന്നത്.പലരും പലതരത്തിലുമാണ് ഈ നാടിനുള്ള ആദരം അറിയിക്കുന്നത്.
പ്രവാസിമലയാളികളുടെ ഇടയിലും തങ്ങളെ വളർത്തുന്ന നാടിനോടുള്ള ആദരം പ്രകടിപ്പിക്കുന്നതിൽ ഒട്ടും കുറവില്ല….. ഓരോ ദേശീയദിനത്തിലും പ്രവാസികളും വളരെയധികം കൗതുകമുണർത്തുന്ന കാഴ്ചകളുമായി മുന്നോട്ട് വരാറുണ്ട്.അതിൽ 12 വർഷം തുടർച്ചയായി തന്റെ വാഹനങ്ങളിൽ യു.എ.ഇ.യെ ചിത്രീകരിച്ച് ജനമനസ്സുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഒരു പ്രവാസിയാണ് കാസർഗോഡുകാരനായ ഇഖ്ബാൽ ഹത്ബൂർ.യു.എ.ഇ.യോടുള്ള അടങ്ങാത്ത സ്നേഹം തന്റെ വേഷവിധാനങ്ങളിൽ വരെ പ്രകടമായി കാണാൻ കഴിയുന്നതാണ്.. കാസർഗോഡിന്റെ സ്വന്തം മൊഞ്ചുകാരൻ ഇഖ്ബാൽ ദേശീയ ദിനത്തിൽ പൂർണ്ണമായും ഒരു ഇമറാത്തി ലുക്കിൽ യു.എ.ഇ.യുടെ മനോഹരമായ ചിത്രങ്ങളാൽ അലങ്കരിച്ച വാഹനങ്ങളിൽ വന്നിറങ്ങുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.
ഓരോ വർഷവും വ്യത്യസ്ത രീതിയിൽ വാഹനങ്ങൾ അലങ്കരിക്കുന്ന മലയാളിയുവാവ് ഈ വർഷം യു.എ.ഇ.യിലെ യുവാക്കളുടെ ഹരവും, ദുബായുടെ ഭാവിരാജാവുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവരോടുള്ള അടങ്ങാനാവാത്ത ഇഷ്ടം പ്രകടമാക്കി കൊണ്ടാണ്…. അതിനായി തെരഞ്ഞെടുത്തിരിക്കുന്നത് വാഹനങ്ങളിൽ രാജാപദവിയുള്ള റോൾസ് റോയിസ് കൊളിനിങ്.
യു.എ.ഇ.യുടെ എല്ലാ മേഖലകളിലും വളരെ ചുറുചുറുക്കോടെ തന്റെ സാന്നിധ്യം അറിയിച്ച് യുവാക്കളുടെ റോൾമോഡലായി മാറിയ യുവാക്കളുടെ സ്വന്തം ഫസ്സാ തികഞ്ഞ ഒരു മൃഗസ്നേഹിയും കൂടിയാണ്.അവരുടെ സോഷ്യൽ മീഡിയയിലെ ഓരോ പോസ്റ്റിലും പ്രകടമായി കാണാൻകഴിയുന്നതാണ്.. പ്രത്യേകിച്ച് അറബ്നാടിന്റെ സ്വന്തം ഒട്ടകങ്ങളോട്…. ഈ ഒരു പശ്ചാത്തലമാണ് ഇഖ്ബാൽ തന്റെ വാഹനത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അറബികളുടെ തനത് കലാരൂപമായ കാലിഗ്രാഫിയിലൂടെ യുവരാജാവിന്റേയും ഒട്ടകങ്ങളുടേയും പ്രിയനിമിഷങ്ങളെ വളരെമനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ഇഖ്ബാൽ.എല്ലാ തരത്തിലും ഒരു രാജകീയ കാഴ്ച പങ്കുവെക്കുകയാണ് ഈ മലയാളിയുവാവ്…..
വാഹനങ്ങളുടെ അലങ്കാരങ്ങളിൽ മാത്രമല്ല ഇമറാത്തികളുടെ സൽഗുണങ്ങളേയും മാതൃകയായി എടുത്ത് തന്റെ നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ് ഇഖ്ബാൽ…. അതിലൊന്നാണ് ധാരാളം പേരുടെ മാംഗല്യസ്വപ്നങ്ങളെ പൂവണിയിച്ച കാസർഗോഡിലെ മഹർ സമൂഹവിവാഹം.
ജാതിമത വേഷഭാഷാ ഭേദമന്യേ ഒരു ലോകം തീർക്കുന്ന വിശാലമായ കാഴ്ചപ്പാട് തന്നെയാണ് യു.എ.ഇ.യെ നമ്പർ വൺ ആക്കി തീർക്കുന്നത് എന്ന് വളരെയധികം അഭിമാനത്തോടെ പറയുകയാണ് ഇഖ്ബാൽ ഹത്ബൂർ.