ഷാർജ പുസ്തകമേള; ”ഞങ്ങൾ അഭയാർത്ഥികൾ” അജ്‌മാൻ രാജകുടുംബാംഗം ഹിസ് ഹൈനസ് ശൈഖ് അഹമ്മദ് റാഷെദ് ഹുമൈദ് അൽനുഐമി പ്രകാശനം ചെയ്തു
ഷാർജ: ഷാർജ എക്സ്പോസെന്ററിലെ മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ ഡെന്നി തോമസ് വട്ടക്കുന്നേൽ എഴുതിയ ഞങ്ങൾ വട്ടക്കുന്നേൽ എന്ന പുസ്തകം അജ്‌മാൻ രാജകുടുംബാംഗം ഹിസ് ഹൈനസ് ശൈഖ് അഹമ്മദ് റാഷെദ് ഹുമൈദ് അൽനുഐമി ജയ്‌ഹിന്ദ് ടി.വി ചീഫ് റിപ്പോർട്ടർ എൽവിസ് ചുമ്മാറിന് നൽകികൊണ്ട് പ്രകാശനംചെയ്തു. പുസ്തകത്തിന്റെപ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്.
അഭയാർത്ഥികളുടെ ചരിത്രവും ജീവിത ദുരിതങ്ങളും സംഭവകഥകളും കവിതകളും കോർത്തിണക്കി എഴുതിയ പുസ്തകമാണ് ഞങ്ങൾ അഭയാർത്ഥികൾ. സമകാലിക ദുരന്തങ്ങളിൽ ഒന്നായ അഭയാർത്ഥി ജീവിതങ്ങളുടെ ദുരിതകാഴ്ചകളിലേക്ക് ലളിതമായ ആഖ്യാന ശൈലിയിലൂടെ ഗ്രന്ഥകർത്താവ് വായനക്കാരെ കൂട്ടികൊണ്ടുപോവുകയാണ്. നാളിതുവരെയായി അഭയാർത്ഥികൾ അനുഭവിച്ചു വരുന്ന ജീവിതങ്ങളുടെ നേർകാഴ്ച്ചയാണ് പുസ്തകത്തിൽ ഡെന്നി തോമസ് ചൂണ്ടികാണിച്ചു തരുന്നത്.
ചടങ്ങിൽ സലിം അയ്യനത്ത് പുസ്തകം പരിചയപ്പെടുത്തി. സാമൂഹ്യ പ്രവർത്തകൻ മുന്തിർ കൽപകഞ്ചേരി സ്വാഗതവും, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അധ്യക്ഷതയും ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി ആശംസകളും അറിയിച്ചു. പരിപാടിയിൽ അഡ്വ.ശങ്കർ നാരായണൻ, ശ്രീകല.പി, നെജ്മ ബിൻസത്ത് അലി എന്നിവർ സന്നിഹിതരായിരുന്നു. ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി നന്ദി അറിയിച്ചുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു