ദുബൈ: അനധികൃതമായ ഉപയോഗവും നിയമ ലംഘനവും ചൂണ്ടിക്കാട്ടി ദേര നായിഫിൽ നിന്ന് ആയിരക്കണക്കിന് സൈക്കിളുകളും ഇസ്കൂട്ടറുകളും പിടികൂടി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 3,800 ഇ-സ്കൂട്ടറുകളും സൈക്കിളുകളുമാണ് കണ്ടുകെട്ടിയതെന്ന് ദുബൈ പൊലിസ് അറിയിച്ചു.റോഡുകൾ, കാൽനട പാതകൾ തുടങ്ങിയ നിയുക്തമല്ലാത്ത പ്രദേശങ്ങളിൽ ഇവ ഉപയോഗിക്കുന്നത് ഉൾപ്പെടെ ഒന്നിലധികം നിയമ ലംഘനങ്ങൾക്കാണ് ഇത്രയധികം സൈക്കിളുകളും ഇസ്കൂട്ടറുകളും കണ്ടുകെട്ടിയത്.ഈ രീതിയിൽ ഉപയോഗിക്കുന്നത് വഴി ഇ-സ്കൂട്ടറുകളും സൈക്കിളുകളും ”പ്രധാന അപകട”ത്തിന് വഴിവെക്കുകയാണെന്ന് പൊലിസ് പറയുന്നു. റോഡ് ഉപയോക്താക്കളെ “ആശയക്കുഴപ്പത്തിലാക്കുക”യാണ് ഈ വാഹനങ്ങളെന്നും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.2024ലെ ആദ്യ ആറ് മാസങ്ങൾക്കിടെ ദുബൈയിലുടനീളമുള്ള ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ നാല് പേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, നിർമാണ സാമഗ്രികളുടെ കടകൾ എന്നിവക്ക് പേരു കേട്ട വാണിജ്യ കേന്ദ്രമായ നായിഫിൽ, ദൈനംദിന പ്രവർത്തനങ്ങൾക്ക് സൈക്കിളുകളെയാണ് ആശ്രയിക്കുന്നത്. തിരക്കേറിയ തെരുവുകളിൽ ഹ്രസ്വ ദൂര ആവശ്യങ്ങൾക്ക് ഇ-സ്കൂട്ടറുകളും സൈക്കിളുകളുമാണ് മുഖ്യ ആശ്രയം. വൻ തിരക്കുള്ള സമയങ്ങളിൽ ഇൻവോയ്‌സുകൾ നൽകുന്നതിനും സാധനങ്ങൾ ശേഖരിക്കുന്നതിനും ബാങ്ക് പ്രവർത്തനങ്ങൾക്കും സൈക്കിളുകൾ അനിവാര്യമാണ്.
ദുബൈയിൽ നായിഫ് പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങൾ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ തേടുന്നു. കാരണം, അവയുടെ അനുചിതമായ ഉപയോഗത്തിനെതിരെ അധികാരികൾ കർശന നടപടി തുടരുകയാണ്. വ്യാപാരികളുടെ അഭിപ്രായത്തിൽ, ദിവസവും നൂറുകണക്കിന് സൈക്കിളുകളും ട്രോളികളും പിടിച്ചെടുക്കുന്നുണ്ട്.ഈ നടപടി ആശയക്കുഴപ്പം സൃഷ്ടിച്ചതായി ബിസിനസ് ഉടമകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.കെട്ടിടങ്ങൾക്കുള്ളിൽ പൂട്ടിയിരിക്കുന്ന സൈക്കിളുകളും പിടിച്ചെടുത്തതായി വ്യാപാരികൾ വെളിപ്പെടുത്തി.
ഇ-സ്കൂട്ടറുകളും സൈക്കിൾ യാത്രക്കാരും പാലിക്കേണ്ട നിയമങ്ങൾ അധികൃതർ മുമ്പ് വിവരിച്ചിട്ടുണ്ട്. ലൈസൻസിംഗ് അതോറിറ്റി നിശ്ചയിച്ച നിയുക്ത പാതകളിൽ സവാരി ചെയ്യുക, ജോഗിംഗ് അല്ലെങ്കിൽ നടത്ത പാതകൾ ഒഴിവാക്കുക, സന്തുലിതാവസ്ഥയെ ബാധിക്കുന്ന യാത്രക്കാരെയോ സാധനങ്ങളോ കയറ്റാതിരിക്കുക, ഗതാഗതത്തിന് എതിരായി സവാരി ചെയ്യാതിരിക്കുക, കാൽനട ക്രോസിംഗുകളിൽ ഇറങ്ങുക, സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക, അശ്രദ്ധമായി സവാരി ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലംഘനങ്ങൾക്ക് 300 ദിർഹം വരെ പിഴ ചുമത്തുന്നു.രഹസ്യാത്മകത ചൂണ്ടിക്കാട്ടി എമിറേറ്റ്സ് ഓക്ഷൻ ദിവസേന പിടിച്ചെടുക്കുന്ന സൈക്കിളുകളുടെ എണ്ണം വെളിപ്പെടുത്താൻ വിസമ്മതിച്ചു. ബന്ധപ്പെട്ട യു.എ.ഇ അധികാരികളുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടൽ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.