ദുബായിൽ 1.6 ജിഗാവാട്ട് ശേഷിയിൽ പുതിയൊരു സൗരോർജ പാർക്ക് കൂടി വരുന്നു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ ഏഴാം ഘട്ടമായാണ് അത് വികസിപ്പിക്കുകയെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു.ഒരു ജിഗാവാട്ട് ബാറ്ററി സ്റ്റോറേജ് സൗകര്യവുമുണ്ടാകും. 2027-2029 കാലയളവിൽ കമ്മിഷൻ ചെയ്യും.. പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഡിലോയ്റ്റ് എൽഎൽപി കമ്പനിയെ ചുമതലപ്പെടുത്തി. സംശുദ്ധ ഊർജം ഉൽപാദിപ്പിക്കാൻ എമിറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടാമത്തെ പ്ലാന്റായിരിക്കും ഇത്. 600 കോടി ദിർഹത്തിന്റെ സൗരോർജ പ്ലാന്റ് അബുദാബി പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ദുബായുടെ പ്രഖ്യാപനം.
വിവിധ എമിറേറ്റുകളിലെ സൗരോർജ പദ്ധതികൾ രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായ നെറ്റ് സിറോ 2050ലേക്ക് കൂടുതൽ അടുപ്പിക്കും. 25 വർഷത്തിനകം പരമ്പരാഗത ഊർജത്തിന്റെ ആവശ്യം 33% കുറയ്ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ യുഎഇയുടെ ഊർജ, സേവന വിപണി വികസിപ്പിക്കുക, ഊർജ കാര്യക്ഷമതയിലും പുനരുപയോഗ പദ്ധതികളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.