ദുബായിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 17 ഡെലിവറി റൈഡർമാർ മരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2024ൽ ദുബായിൽ മോട്ടർ സൈക്കിൾ യാത്രക്കാർ ഉൾപ്പെട്ട 616 അപകടങ്ങൾ രേഖപ്പെടുത്തി. ഇതിൽ 26 പേർക്ക് പരുക്കേറ്റു.എമിറേറ്റിലെ ആകെ മരണങ്ങളിൽ 20 ശതമാനവും മോട്ടർ സൈക്കിൾ റൈഡർമാരാണെന്ന് ദുബായ് പൊലീസ് ട്രാഫിക് വിദ്യാഭ്യാസ ഡയറക്ടർ ലഫ്. കേണൽ അബ്ദുൽ റഹ്മാൻ ഉബൈദ് ജുമാ അൽ ഫലാസി പറഞ്ഞു. ദുബായിൽ റജിസ്റ്റർ ചെയ്ത മോട്ടർ സൈക്കിളുകളുടെ എണ്ണം വർധിച്ചു. പ്രത്യേകിച്ച് ഡെലിവറി ആവശ്യങ്ങൾക്കായി. മോട്ടർ സൈക്കിളുകളുടെ റജിസ്ട്രേഷനിൽ 2019 മുതൽ 2020 വരെ 150ശതമാനത്തിലേറെ വർധനവുണ്ടായി. തുടർന്ന് 20 ശതമാനവും വളർച്ചയുണ്ടായി. ഇന്ന് ദുബായ് ചേംബറിൽ റസ്റ്ററന്റ് ഗ്രൂപ്പ് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അൽ ഫലാസി.2024 നവംബറിൽ ഇരുചക്രവാഹന യാത്രക്കാർക്കിടയിൽ 18 മരണങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പൊലീസ് വെളിപ്പെടുത്തി. കോവിഡ്19 കാലമായ 2020ൽ താമസക്കാർക്കും എഫ് ആൻഡ് ബി ഔട്ട്‌ലെറ്റുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ദുബായിലും യുഎഇയിലും ഹോം ഡെലിവറി സേവനങ്ങളുടെ ആവശ്യകതയിൽ വൻ വർധനവുണ്ടായി.
2020ൽ റസ്റ്ററന്റുകൾക്ക് കീഴിലുള്ള മോട്ടർ സൈക്കിളുകളുടെ എണ്ണം ഗണ്യമായി വർധിച്ചു. തലാബത്ത്, കരീം, ഡെലിവറൂ, നൂൺ തുടങ്ങിയ ഡെലിവറി കമ്പനി ജീവനക്കാർക്ക് എല്ലാ ആഴ്ചയും അധികൃതർ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. 2025 ജനുവരി ആദ്യം മുതൽ നവംബർ വരെ ഫെഡറൽ തലത്തിൽ ഒരു ക്യാംപെയ്നും നടത്തുന്നു. ദുബായിൽ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വർധിക്കുന്നതിനാൽ മരണസംഖ്യ വർധിക്കുന്നുണ്ട്. മരണങ്ങൾ കുറയ്ക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം.
∙ ടെയിൽഗേറ്റിങ് കാരണം 42% അപകടങ്ങൾ
മോട്ടർ സൈക്കിൾ അപകടങ്ങളിൽ 42 ശതമാനവും മതിയായ അകലം പാലിക്കാതെ ഓടിക്കുന്നത് (ടെയിൽഗേറ്റിങ്) മൂലവും 25 ശതമാനം പെട്ടെന്ന് തിരിയുന്നത് മൂലവുമാണ് സംഭവിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഡ്രൈവേഴ്‌സ് ലൈസൻസിങ് ഡിപാർട്ട്മെന്റ് ഡയറക്ടർ സുൽത്താൻ ഇബ്രാഹിം അലഖറാഫ് പറഞ്ഞു