ദുബായ്: യുഎഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ ‘ഒ ഗോൾഡ്’ സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒ ഗോൾഡ് ‘ ആപ്പും ഡിഎംസിസി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ് ഇതാദ്യമായി യുഎഇയിൽ ഗോൾഡ് ലീസിങ്
സംരംഭം കൊണ്ടുവരുന്നത്. നിലവിൽ മിനിമം 10 ഔൺസ് സ്വർണമാണ് നിക്ഷേപത്തിനായി വേണ്ടത്. ഓ ഗോൾഡ് – മോണിറ്ററി മെറ്റൽസ് സംരംഭം നിലവിൽ വരുന്നതോടെ നിക്ഷേപകർക്ക് 0.1% മുതൽ ലീസിങ് സാധ്യമാവുമെന്ന് ഇതേക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അധികൃതർ പറഞ്ഞു.
ഇങ്ങനെ നിക്ഷേപിക്കുന്നത് വഴി 11% വിപണി വിഹിതവും , 5% വരുമാനവും ഉൾപ്പെടെ മൊത്തം 16% വാർഷികാദായം ലഭിക്കുമെന്നും ഇവർ വ്യക്തമാക്കി. വാങ്ങലും വിൽക്കലും മാത്രമുണ്ടായിരുന്ന ഒ ഗോൾഡ് ആപ്പിൽ ഈ രംഗത്തെ പ്രമുഖരായ മോണിറ്ററി മെറ്റൽസുമായുള്ള സഹകരണ സംരംഭത്തിലൂടെയാണ് പുതുതായി ലീസിങ് കൂടി ഉൾപ്പെടുത്തിയത്.ഇതോടെ സാധാരണക്കാർക്കും സ്വർണത്തിൽ നിക്ഷേപിക്കാനും വരുമാനം നേടാനുമുള്ള അവസരം കൈവന്നിരിക്കുകയാണെന്നും മോണിറ്ററി മെറ്റൽസുമായി ഇത്തരമൊരു സംരംഭത്തിൽ സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഒ ഗോൾഡ് ചെയർമാൻ ബന്ദർ അൽ ഉഥ്മാൻ പറഞ്ഞു.സ്വർണ വിപണിയിലെ ലീസിങ് ശക്തമായൊരു ധനകാര്യ സംരംഭമാക്കി മാറ്റണമെന്ന കാഴ്ചപ്പാടാണ് തങ്ങൾക്കുള്ളതെന്ന് മോണിറ്ററി മെറ്റൽസ് ദുബായ് ഓഫിസ് മാനേജർ മാർക്ക് പെയ് അഭിപ്രായപ്പെട്ടു. ഒ ഗോൾഡ് കോ ഫൗണ്ടർ മുഹമ്മദ് അൽ മൻസൂരി, സിഇഒ അഹ്മദ് അബ്ദിൽ തവാബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.