ഷാർജ: ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ പഴയ ടാക്സി നമ്പർ പ്ലേറ്റുകളുടെ ഉടമകൾക്കുള്ള 9.37 ദശലക്ഷം ദിർഹത്തിന്‍റെ വാർഷിക ബോണസ് വിതരണം തുടങ്ങി.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശമനുസരിച്ചാണ് ബോണസ് വിതരണം ചെയ്യുന്നത്.
ഷാർജയിലെ 4,686 ടാക്സി ഡ്രൈവർമാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിയന്ത്രിക്കുന്ന ഫ്രാഞ്ചൈസി കരാറുകൾക്ക് കീഴിലുള്ള ടാക്സി ഡ്രൈവർമാർക്കാണ് ബോണസ് അനുവദിക്കുന്നതെന്ന് എസ്ആർടിഎ ചെയർമാൻ എഞ്ചിനീയർ യൂസഫ് ഖാമിസ് അൽ ഒത്മാനി പറഞ്ഞു.ബോണസ് അർഹരായവർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഷാർജ ആർ ടി എ യിലെ യിലെ ഗതാഗത കാര്യ ഡയറക്ടർ അബ്ദുൾ അസീസ് മുഹമ്മദ് അൽ ജർവാൻ പറഞ്ഞു.അർഹരായവർ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് 600525252 അല്ലെങ്കിൽ 0564144667 എന്നീ ഔദ്യോഗിക നമ്പറുകളിൽ ഷാർജ ആർ ടി എയുമായി ബന്ധപ്പെടാമെന്നും അധികൃതർ പറഞ്ഞു.