ഷാർജ ∙ പ്രവാസ ലോകത്തെകണ്ണീരിലാഴ്ത്തി ഷാർജയിലെ പ്രമുഖ മലയാളി വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ഷാർജ ബുഹൈറ എൻഎംസി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ഇന്നലെവരെ എല്ലാവരോടും ചിരിച്ചു സംസാരിച്ചിരുന്ന ബിന്ദുവിന്റെ വിയോഗം ആശുപത്രി അധികൃതർക്കും സഹപ്രവർത്തകർക്കും വിശ്വസിക്കാനായില്ല.ഷാർജയിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ബിന്ദു വീട്ടിലേക്ക് പോവുകയായിരുന്നു. യാത്രക്കിടെ കൊല്ലം എംസി റോഡിൽ കൊട്ടാരക്കര കമ്പംകോട് വെച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഡ്രൈവർ ബിജു ജോർജിന് നിസാര പരുക്കുകൾ ഉണ്ട്. ഡോ.ബിന്ദുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.പുതുതായി പണിത വീട്ടിലേക്ക് താമസം മാറുന്നതുമായി ബന്ധപ്പെട്ടയായിരുന്നു ഇപ്രാവശ്യത്തെ നാട്ടിലേക്കുള്ള യാത്ര. എട്ട് വർഷം മുൻപാണ് ഡോ.ബിന്ദു യുഎഇയിൽ എത്തിയത്. ദുബായ് അൽ നഹ്ദയിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ഏഴംകുളം മെഡിക്കൽ കോളജിൽ അധ്യാപികയായി ജോലി ചെയ്ത ശേഷം വി കെയർ ക്ലിനിക്കിലും പിന്നീട് എൻഎംസി ആശുപത്രിയിലും സേവനമനുഷ്ഠിച്ചു. ഭർത്താവ് യുഎഇയിൽ സാമൂഹിക പ്രവർത്തകനായിരുന്ന അജി പി. വർഗീസ് 2 വർഷം മുൻപ് അന്തരിച്ചു. അഞ്ജലന, വീനസ് എന്നിവരാണ് മക്കൾ.ഡോ. ബിന്ദുവിന്റെ സംസ്കാരം ബുധനാഴ്ച 10.30 നു ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ചന്ദനപ്പള്ളി സെന്റ് ജോർജ് ഒാർത്തഡോക്സ് വലിയപള്ളിയിൽ നടക്കും.