അബൂദബി: ആഗോളതലത്തിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ സജീവമാക്കുന്നതിനായി യു.എ.ഇയില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിൽ ജീവകാരുണ്യ സംരംഭത്തിന് തുടക്കമിട്ടു. മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യൂമാനിറ്റി എന്ന പേരിലാണ് പുതിയ സംരംഭം. ദുര്‍ബല വിഭാഗങ്ങളിലേക്കുള്ള സഹായം വർധിപ്പിക്കുകയാണ് ലക്ഷ്യം.സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ ഉത്തരവ് പ്രകാരമാണ് മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യൂമാനിറ്റി സ്ഥാപിച്ചത്. സാമൂഹിക, സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കാന്‍ ഒട്ടേറെ സംരംഭങ്ങള്‍ ഇതുവഴി നടപ്പാക്കും.വ്യക്തികളെയും സമൂഹത്തെയും ശാക്തീകരിക്കാനുതകുന്ന നൂതന ആശയങ്ങളില്‍ ഫൗണ്ടേഷന് നിക്ഷേപം നടത്തുകയും ആഗോള ആരോഗ്യത്തിലും സമഗ്ര വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.ഖസര്‍ അല്‍ ശാതിയില് വച്ച് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങള്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് അവലോകനം ചെയ്തു. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാലന് ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാനും ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സിലിന്റെയും ഇർദ് സായിദ് ഫിലാന്ത്രോപിസ്റ്റിന്റെയും ചെയര്‍മാനുമായ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.