യുഎഇയുടെ 53ാമാത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ (ഈദ് അൽ ഇത്തിഹാദ്) ഡിസംബർ രണ്ടിന് അൽഐനിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഈദ് അൽ ഇത്തിഹാദ് യുട്യൂബ് ചാനൽ, വെബ്സൈറ്റ്, സിനിമ തീയറ്റർ, തിരഞ്ഞെടുത്ത പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തത്സമയ സംപ്രേഷണമുണ്ടാകും. സ്ഥലവിവര പട്ടിക പിന്നീട് പ്രഖ്യാപിക്കും.
യുഎഇയുടെ 53 വർഷത്തെ ചരിത്രവും സാംസ്കാരിക പൈതൃകവും നിറയുന്ന പരിപാടിയിൽ ലോക ചരിത്രത്തിൽ അൽഐന്റെ പ്രാധാന്യവും അറിയാം. രാജ്യത്തിന്റെ വളർച്ചയും ഭാവിയിലേക്കുള്ള കുതിപ്പിന്റെ സൂചനകളും പിറന്നാൾ ആഘോഷത്തിൽ ജനങ്ങളുമായി പങ്കുവയ്ക്കും. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രപ്രാധാന്യ സ്ഥലമായതിനാലാണ് രാജ്യത്തിന്റെ ആഘോഷത്തിന് അൽഐനെ തിരഞ്ഞെടുത്തതെന്ന് സംഘാടക സമിതി കമ്യൂണിക്കേഷൻസ് മോ ആയിഷ അൽ നുഐമി പറഞ്ഞു.
പ്രകൃതിയും പൈതൃകവും ഇഴചേർന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അൽഐൻ ഗൾഫിന്റെ പൂന്തോട്ടമായാണ് അറിയപ്പെടുന്നത്. അന്തരിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഔദ്യോഗിക ജീവിതം ആരംഭിച്ചതും ഭരണാധികാരിയിലേക്കുള്ള തുടക്കം കുറിച്ചതും അൽഐനിൽനിന്നാണ്.. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം കൂടിയാണ് അൽഐൻ.
ദേശീയ ദിനാഘോഷ പരിപാടികളുടെ വിശദാംശങ്ങൾ EidAlEtihad.ae വെബ്സൈറ്റിൽ ലഭിക്കും. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ്, ടിക് ടോക്, എക്സ് തുടങ്ങി സമൂഹമാധ്യമ പേജുകളിലും വിവരങ്ങൾ ലഭ്യമാണ്.