പൊതുമാപ്പ് അപേക്ഷകർ നേരത്തെ തന്നെ എക്സിറ്റ് പാസ് എടുക്കണമെന്ന് യുഎഇ. എക്സിറ്റ് പാസിന്റെ കാലാവധി 14 ദിവസത്തിനു പകരം ഡിസംബർ 31 വരെ നീട്ടി. അതിനിടെ ജോലി ലഭിച്ചവർക്ക് യുഎഇയിൽ തുടരാം. പുതിയ വീസയിലേക്ക് മാറുന്നതോടെ എക്സിറ്റ് പാസ് സ്വമേധയാ റദ്ദാകും. എക്സിറ്റ് പാസ് നേരത്തെ എടുത്താലും വർഷാവസാനത്തോടെ നാട്ടിൽ പോയാൽ മതി. ജോലി ലഭിച്ചില്ലെങ്കിൽ ഈ എക്സിറ്റ് പാസിൽ ഡിസംബർ 31നകം നിയമാനുസൃതം രാജ്യം വിടാം. എക്സിറ്റ് പാസിന് വൈകി അപേക്ഷിച്ചാൽ അവസാന നിമിഷം നടപടിക്രമം പൂർത്തിയാകാതെ വരും. പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ രാജ്യത്ത് തുടർന്നാൽ കടുത്ത ശിക്ഷ നേരിടെണ്ടിവരും. പിടിക്കപ്പെടുന്നവർ നിയമവിരുദ്ധ താമസകാലത്തെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. കൂടാതെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുന്നതിനാൽ പിന്നീട് തിരിച്ചെത്താനാകില്ല.4 മാസത്തെ പൊതുമാപ്പ് ഡിംബർ 31ന് വസാനിക്കും. പൊതുമാപ്പിന് അപേക്ഷിക്കുന്നത് അവസാന നിമിഷത്തേക്ക് മാറ്റിവച്ചാൽ വൻ വില കൊടുക്കേണ്ടിവരും. അവസാന നിമിഷത്തെ തിരക്കിൽ പെട്ട് യഥാസമയം നാട്ടിലെത്താനാകില്ല. ഡിസംബറിൽ ശൈത്യകാല അവധിക്കാലമായതിനാൽ യാത്രക്കാരുടെ എണ്ണം കൂടുകയും വിമാന നിരക്കും വർധിക്കുകയും ചെയ്യും. നിലവിലേതിനെക്കാൾ നാലിരട്ടി തുക നൽകിയാലേ വിമാന ടിക്കറ്റ് ലഭിക്കൂ. അതിനാൽ ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയും (ഐസിപി) ദുബായ് താമസ കുടിയേറ്റ വകുപ്പും അധികൃതർ വ്യക്തമാക്കി.ജനുവരി ഒന്നു മുതൽ നിയമലംഘകർക്കായി പരിശോധന കർശനമാക്കുമെന്നും ഓർമിപ്പിച്ചു.











