ദുബൈ: ചന്ദ്രക്കല ദൃശ്യമായതോടെ ഇന്ന് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ റമദാൻ 1. ഏറെ ഭക്തിപൂര്വവും ആഹ്ലാദത്തോടെയുമാണ് വിദേശികളും പ്രവാസികളുമടങ്ങിയ ഗൾഫിലെ സമൂഹം റമദാനിനെ സ്വീകരിക്കുന്നത്. താരതമ്യേന നല്ല കാലാവസ്ഥയാണ് എന്നത് ഈ വർഷത്തെ നോമ്പിനെ സുഖകരമാക്കി മാറ്റും. ഇക്കുറി ഒമാൻ ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസം റമദാൻ ആരംഭിച്ചത് വിശ്വാസികളുടെ സന്തോഷത്തെ ഇരട്ടിപ്പിച്ചു. ആരാധനയ്ക്കായി ഗൾഫ് രാജ്യങ്ങളിലെ മസ്ജിദുകൾ നേരത്തെ തന്നെ അതാത് ഔഖാഫ് വകുപ്പുകളുടെ നേതൃത്വത്തിൽ സജ്ജമാക്കിയിരുന്നു. ഇഫ്റ്ററുകൾ വിപുലമായി ഒരുക്കാൻ റമദാൻ ടെന്റുകളും ഷോപ്പിംഗിനായി റമദാൻ നെറ്റുകളും, റെഡ് ക്രെസെന്റ്, ദാർ അൽ ബിർ സൊസൈറ്റി, ബെയ്ത് അൽ ഖൈർ, ഷാർജ ചാരിറ്റി ഇന്റർനാഷണൽ അടക്കമുള്ള ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും നിറഞ്ഞ സംഭവ ബഹുലമായൊരു കാലയളവാണ് ഇനി രാജ്യമെങ്ങും ഉണ്ടാവുക. റമ്ദാൻ പ്രമാണിച്ച് യു.എ.ഇ ഭരണാധികാരികൾ ജനങ്ങൾക്ക് ആശംസ നേർന്നു.