പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നിഗമനം. സംഭവത്തിൽ ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നാല് വിദ്യാർഥികളുടെ സംസ്കാരം നാളെ നടക്കും.ആശുപത്രിയിൽ നിന്ന് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ലീനർ വർഗീസ് ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട മറ്റൊരു വാഹനം മഹാരാഷ്ട്ര രജിസ്ട്രേഷനിൽ ഉള്ളത്. ഈ വാഹനത്തിൻറെ ഡ്രൈവറും വാഹനവും കല്ലടിക്കോട് പോലീസ് കസ്റ്റഡിയിൽ. ജോയിന്റ് ആർടിഒ എൻ . എ മോറിസ് നാളെ പ്രാഥമിക റിപ്പോർട്ട് നൽകും. വാഹനം ഓടിച്ചവർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജോയിന്റ് ആർടിഒ പറഞ്ഞു.നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി.നാലു വിദ്യാർത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിക്കും. കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ ആയിരിക്കും പൊതുദർശനം. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ അടക്കംചെയ്യും. അതേസമയം സംഭവത്തിൽ അധികൃതർക്ക് എതിരെ ജനരോഷം ഇരമ്പി. റോഡിന്റെ അശാസ്ത്രീയ നിർമാണം മൂലം പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു.പ്രതിഷേധത്തെ തുടർന്ന് പ്രശ്നപരിഹാരത്തിന് നാളെ കളക്ടറുടെ ചേമ്പറിൽ പ്രത്യേക യോഗം ചേരും.പ്രതിവിധിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻഅനുശോചനമറിയിച്ചു . അപകടം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.