ദുബൈ, ഫെബ്രുവരി 19, 2025 – ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അധികൃതർ അർജാനിലെയും അൽ ബർഷ സൗത്ത് പ്രദേശങ്ങളിലെയും താമസക്കാരുമായും സന്ദർശകരുമായും ചർച്ച നടത്തി ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ ശേഖരിച്ചു. ദുബൈ സയൻസ് പാർക്കിൽ നടന്ന യോഗത്തിൽ ലൈസൻസിംഗ് ഏജൻസിയുടെ സിഇഒയും കസ്റ്റമർ കൗൺസിൽ ചെയർമാനുമായ അഹ്‌മദ് മഹ്ബൂബ് അധ്യക്ഷത വഹിച്ചു. വിവിധ ആർടിഎ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.ഹസ്സാ സ്റ്റ്രീറ്റ്, ഉം സുകൈം സ്റ്റ്രീറ്റ്, അൽ ഫയ് സ്റ്റ്രീറ്റ് വികസനം, സൈക്കിൾ പാതകൾ ഉൾപ്പെടെ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രധാന റോഡ് വികസന പദ്ധതികളെക്കുറിച്ച് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയുടെ അക്റ്റിംഗ് ഡയറക്ടർ അഹ്‌മദ് അൽ ഖസൈമി വിശദീകരിച്ചു.പ്രദേശത്തെ ഗതാഗതക്കുരുക്കുകൾ കുറയ്ക്കാൻ ആർടിഎ സ്വീകരിച്ച നടപടികൾക്ക് താമസക്കാർ നന്ദി അറിയിക്കുകയും കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ, ലൊക്കൽ റോഡുകളുടെ വികസനം, ഭാരവാഹനങ്ങൾക്ക് നിശ്ചിത സമയക്രമം നൽകുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു.
പ്രതിസന്ധികൾ നേരിട്ട് പരിഹരിക്കാൻ ആർടിഎ സ്വീകരിക്കുന്ന സമീപനം പ്രശംസനീയമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ദുബൈയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തുടർന്നും ആർടിഎയ്ക്കൊപ്പം പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് താമസക്കാർ അറിയിച്ചു.