ദുബായ്: എമിറേറ്റില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരോ രോഗം ഉണ്ടെന്ന് സംശയിക്കുന്നവരോ മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പായി ദുബായ് ആരോഗ്യവകുപ്പിന്റെ (ഡിഎച്ച്എ) അനുമതി വാങ്ങിയിരിക്കണം. മനപൂര്‍വ്വമോ അല്ലാതെയോ രോഗബാധ മറച്ചുവെക്കുന്നതും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്. ബന്ധപ്പെട്ട അധികാരികളും ആരോഗ്യ സംരക്ഷണ ദാതാക്കളും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. യാത്രക്കാര്‍ ഔദ്യോഗിക ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കണം. ദുബായിലേക്ക് വരുന്നവരും പോകുന്നവരും വിവിധ പ്രവേശന കവാടങ്ങളില്‍ അധികാരികള്‍ ആരോഗ്യ വിവരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ നല്‍കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടെങ്കിലോ ഉണ്ടെന്ന് സംശയമുണ്ടെങ്കിലോ അക്കാര്യവും ദുബായുടെ പ്രവേശന കവാടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ ശുചിത്വ നടപടികളും പാലിക്കേണ്ടതുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കണം. ദുബായിലെ പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പൂര്‍ണ്ണ സഹകരണമുണ്ടാകുമെന്നും നിയമത്തില്‍ പറയുന്നുണ്ട്. രോഗ പ്രതിരോധം, ആരോഗ്യസംരക്ഷണം, ഭക്ഷണം, ഉല്പ്പന്നസുരക്ഷ, ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സുസ്ഥിര ശ്രമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദുബായില്‍ ആരോഗ്യ അപകടസാധ്യതകള്‍ കുറക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.