ദുബായ്: പവർ ഗ്രൂപ്പ് യു എ ഇ യുടെ നേതൃത്വത്തിൽ ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെയും ദുബായ് പോലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ്’ സംരംഭത്തിന്റെയും സഹകരണത്തോടെ നടത്തുന്ന ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് വ്യാഴാഴ്ച തുടക്കമാവും. ദുബായ് അൽ ജദ്ദാഫ് ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഏപ്രിൽ 13നാണ് ഫൈനൽ. ദിവസവും രാത്രി 8:00 മുതൽ അർദ്ധരാത്രി 12:00 വരെയാണ് മത്സരങ്ങൾ. പ്രവേശനം സൗജന്യമാണ്.യുഎഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യൂറോപ്യൻ രാജ്യമായ മാൾട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുടെ മുൻനിര ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ ദുബായ് പോലീസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാമ്പ്യന്മാർക്കുള്ള ട്രോഫി ദുബായ് പോലീസ് പ്രതിനിധി അഹമ്മദ് സൻകൽ, അൽ ഐൻ ഫാംസ് മർമം പ്രതിനിധി സെയ്ഫ് അൽ നബ് ഹാനി എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു.
* പസഫിക് ലോജിസ്റ്റിക്സ് ബദർ എഫ്‌സി – സൗദി അറേബ്യ
* ടോപ്പ് ടെൻ – ഒമാൻ
* ഖത്തർ ഫുട്‌ബോൾ ഫോറം – ഖത്തർ
* ക്ലബ് ഡി സ്വാത് – മാൾട്ട
* കോസ്റ്റൽ ട്രിവാൻഡ്രം എഫ്‌സി – ഇന്ത്യ
* ദുബായ് ഗോവൻ ഫുട്‌ബോൾ ക്ലബ് – യുഎഇ
* അൽ സബാഹ് ഹസ്‌ലേഴ്‌സ് എഫ്‌സി – അജ്മാൻ
* സക്‌സസ് പോയിന്റ് കോളേജ് – യുഎഇ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.
ഐഎസ്എൽ, ഐ-ലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. പ്ലെയിങ്ങ് ഇലവനിൽ മൂന്ന് വിദേശ താരങ്ങളെ ഉൾപെടുത്താൻ അനുവാദം നൽകിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മറ്റ് താരങ്ങൾക്ക് ഇന്ത്യൻ പാസ്പോര്ട്ട് ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.അടുത്ത വർഷത്തെ ടൂർണമെന്റ് സൗദി അറേബ്യയിൽ നടത്തും.ദുബായ് പോലീസിന്റെ പോസിറ്റീവ് സ്പിരിറ്റ് കാമ്പെയ്‌നുമായി ചേർന്ന് ‘സേ നോ ടു ഡ്രഗ്സ്, യെസ് ടു ഗെയിം’എന്ന മുദ്രാവാക്യമുയർത്തിയാണ് ടൂർണമെന്റ് നടക്കുന്നത്. ആസ്റ്റർ ഡി എം ഹെൽത്ത് കെയറാണ് ടൂർണമെന്റിന്റെ ഹെൽത്ത് കെയർ പങ്കാളി.
ദുബായ് പോലീസിനെ പ്രതിനിധീകരിച്ച് അഹമ്മദ് സൻകൽ, അൽ ഐൻ ഫാംസ് മർമം പ്രതിനിധി സെയ്ഫ് അൽ നബ് ഹാനി, ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് മീഡിയ ആൻഡ് മാർക്കറ്റിങ്ങ് മാനേജർ അസിം ഉമ്മർ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ബിസിനസ് ഹെഡ് സിറാജുദ്ദിൻ തോട്ടത്തിൽ മുസ്തഫ,
ഈസ അനീസ് ഫ്രാൻ ഗൾഫ്, ഫോർച്യുൺ ഗ്രൂപ്പ് സെയിൽസ് ഡയറക്ടർ സാമി പോൾ, സക്സസ് പോയിന്റ് എഡ്യൂക്കേഷൻ ഗ്രൂപ്പ് എം ഡി ഫിനാസ് എസ് പി സി, പവർ ഗ്രൂപ്പ് പ്രതിനിധികളായ അബ്ദുൾ ലത്തീഫ്, ഷബീർ മാന്നാറിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു